നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തത്, വിഷമമുണ്ടായെങ്കില്‍ മാപ്പ്; വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മനാഫ്

നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തത്, വിഷമമുണ്ടായെങ്കില്‍ മാപ്പ്; വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മനാഫ്

കോഴിക്കോട്:ഒരിക്കലും മുതലെടുപ്പിന് ശ്രമിച്ചിട്ടില്ലെന്നും ഒരു പണപ്പിരിവും നടത്തിയിട്ടില്ലെന്നും തുറന്നുപറഞ്ഞ് ലോറിയുടമ മനാഫ്. അര്‍ജുന് സംഭവിച്ച ദുരന്തം വൈകാരികമായി ചൂഷണം ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ല. അതിനെ കുറിച്ച്‌ ആര്‍ക്ക് വേണമെങ്കിലും അന്വേഷിക്കാം. അര്‍ജുന്റെ കുടുംബത്തിന് വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും മനാഫ് പറഞ്ഞു.

ഇന്നത്തോടെ വിവാദം അവസാനിപ്പിക്കണം എന്നും ആരേയും ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ചിതയടങ്ങും മുമ്പ് വിവാദം പാടില്ല. ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല. ആരുടെയും മുന്നില്‍ കൈനീട്ടേണ്ട സ്ഥിതി ഇപ്പോഴില്ല. ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലില്‍ അർജുന്‍റെ ഫോട്ടോ വെച്ചിരുന്നു. കുടുംബം അതില്‍ പരിഭവം പറഞ്ഞതോടെ അത് മാറ്റി.

അർജുന്‍റെ കുടുംബത്തിന് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ ഇല്ല. എന്തെങ്കിലും ഉണ്ടായാല്‍ പെട്ടെന്ന് അറിയിക്കാൻ വേണ്ടിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ലോറി ഉടമ മനാഫ് എന്നതാണ് എന്‍റെ മേല്‍വിലാസം. അത് തന്നെ യൂട്യൂബ് ചാനലിനും പേരിട്ടു. അർജുനെ കിട്ടിയ ശേഷം യൂട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു. താനും മുബീനും ഒരു ഉമ്മയുടെയും ഉപ്പയുടെയും മക്കളാണ്. മുബീനാണ് ലോറിയുടെ ആർസി ഓണർ.

ഇത് ഫാമിലി ബിസിനസാണ്. ഉപ്പ മരിച്ചതോടെ താനാണ് ഗൃഹനാഥൻ. തന്‍റെ കുടുംബം ഒറ്റക്കെട്ടാണെന്നും എല്ലാ പ്രവർത്തനങ്ങളും നടത്തിയത് സ്വന്തം കൈയില്‍ നിന്ന് പണം ചെലവഴിച്ചാണെന്നും മനാഫ് പറഞ്ഞു. അർജുന് 75000 മാസം ശമ്പളം കിട്ടുന്നു എന്ന് പറഞ്ഞത് സത്യമാണ്. ചിലമാസം അതിലും കൂടുതലാണ്. ചില മാസം കുറവായിരിക്കും. ബത്ത ഉള്‍പ്പെടെ ഉള്ള തുക ആണത്.

അതിന് അ‍ർജുൻ ഒപ്പിട്ട ലെഡ്‌ജർ അടക്കം കണക്കുണ്ടെന്നും എന്നാല്‍ അതൊന്നും കൂടുതല്‍ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും മനാഫ് പറ‌ഞ്ഞു. ഈ വിഷയം ഇന്നത്തോട് കൂടി അവസാനിക്കണം. ഇത് ഇങ്ങനെ അവസാനിപ്പിക്കാനാണ് ഇങ്ങനെ ഒരു വാര്‍ത്താ സമ്മേളനം നടത്തിയത്. അര്‍ജുന്റെ വിഷയത്തിന്റെ പേരില്‍ ആ കുടുംബത്തെ ടാര്‍ഗറ്റ് ചെയ്യരുത്.

അവര്‍ നടത്തിയ വാര്‍ത്താ സമ്മേളത്തിന് പിന്നില്‍ മറ്റ് ആരെങ്കിലും ഉണ്ടാകാം. തങ്ങളുടെ കുടുംബത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടായാല്‍ മാപ്പുപറയാന്‍ ഒരു മടിയുമില്ല. ലോകത്തിന് മാതൃകയായ ഒരു രക്ഷാപ്രവര്‍ത്തനമാണ് നമ്മള്‍ നടത്തിയതെന്നും മനാഫ് പറഞ്ഞു.

TAGS : ARJUN | MANAF
SUMMARY : I didn’t do anything expecting thanks, I’m sorry if I hurt you; Manaf wants to end controversies

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *