എം.ടിയുടെ വീട്ടിലെ മോഷണം; രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍

എം.ടിയുടെ വീട്ടിലെ മോഷണം; രണ്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ കോഴിക്കോട് നടയ്ക്കാവിലെ കൊട്ടാരം റോഡിലുള്ള വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് 2 പേരെ നടയ്ക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടിലെ പാചകക്കാരിയും അവരുടെ ബന്ധുവുമാണ് പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

മൂന്ന് സ്വർണമാല, ഒരു വള, രണ്ട് ജോഡി കമ്മല്‍, വജ്രംപതിച്ച രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടത്. ആഭരണം നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെത്തന്നെ പോലീസ് അറിഞ്ഞിരുന്നെങ്കിലും പരാതി രേഖാമൂലം ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റർ ചെയ്തില്ല.

തുടർന്ന്, രാത്രി ഒമ്പതരയോടെ എം.ടി.യുടെ ഭാര്യ എസ്.എസ്. സരസ്വതി വീട്ടില്‍വെച്ച്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അർധരാത്രിയോടെ കേസെടുക്കുകയായിരുന്നു. സെപ്‌റ്റംബർ 22-നും 30-നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ ലോക്കറില്‍ വെച്ച്‌ പൂട്ടിയ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

നഷ്ടപ്പെട്ട ആഭരണങ്ങളോടൊപ്പം ഉണ്ടായിരുന്ന മറ്റ് മുപ്പത്തിയഞ്ച് പവന്റെ ആഭരണം ലോക്കറില്‍ത്തന്നെ ഉണ്ട്. അലമാര കുത്തിപ്പൊളിച്ചിട്ടില്ല. വീട്ടില്‍ എവിടേയും കവർച്ച നടന്നതിന്റെ ലക്ഷണങ്ങളുമില്ലായിരുന്നു. അലമാര വെച്ച മുറിയില്‍ത്തന്നെ ഒരിടത്തുവെച്ചിരുന്ന താക്കോലെടുത്ത് അലമാര തുറന്നെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

TAGS : MT VASUDEVAN NAIR | ROBBERY | POLICE
SUMMARY : Robbery at MT’s house; Two people are in police custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *