കപ്പലിൽ നിന്നും കാണാതായ മലയാളിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി സൂചന

കപ്പലിൽ നിന്നും കാണാതായ മലയാളിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി സൂചന

കാസറഗോഡ്: ചൈനയിൽ നിന്നും പുറപ്പെട്ട കപ്പലിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ച കാണാതായ കാസറഗോഡ് സ്വദേശി ആൽബർട്ട് ആന്‍റണിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചെന്ന് വിവരം ലഭിച്ചതായി കുടുംബം. ആൽബർട്ടിനെ കാണാതായി ഇന്നേക്ക് അഞ്ചു ദിവസം പിന്നിട്ടപ്പോഴാണ് കുടുംബത്തിന് ഈ വിവരം ലഭിച്ചിരിക്കുന്നത്. നേരത്തെ സ്ഥലത്ത് കപ്പലുകൾ തിരച്ചിൽ നടത്തിയിരുന്നു.

നിലവിൽ ഇതുവഴി പോകുന്ന കപ്പലുകൾക്ക് നിരീക്ഷണം നടത്താൻ നിർദേശം നൽകിയതായാണ് വിവരം. സിനർജി മാരിടൈം കമ്പനിയുടെ എം വി ട്രൂ കോൺറാഡ് എന്ന ചരക്ക് കപ്പലിലെ ഡെക്ക് ട്രെയിനിങ് കാഡറായി ജോലി ചെയ്യുകയായിരുന്നു ആൽബർട്ട് ആന്‍റണി. ചൈനയിൽ നിന്നും സൗത്ത് ആഫ്രിക്കയിലേക്കുള്ള യാത്രക്കിടെ ശ്രീലങ്കയിൽ നിന്നുമാണ് ആൽബർട്ട് ആന്‍റണിയെ കാണാതാവുന്നത്. ഈ കപ്പൽ നിലവിൽ സൗത്ത് ആഫ്രിക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഇതേ കപ്പൽ കമ്പനിയിൽ ജോലി ചെയ്യുന്ന അവധിക്ക് നാട്ടിലെത്തിയ ജീവനക്കാരനാണ് അധികൃതരുടെ നിർദേശപ്രകാരം ആൽബർട്ടിനെ കാണാതായ വിവരം ആദ്യം കുടുംബത്തെ അറിയിച്ചത്. തുടർന്ന് കമ്പനി അധികൃതരും വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. വ്യാഴാഴ്‌ച രാത്രി ഏഴിന്‌ വീട്ടുകാരുമായി വീഡിയോ കോളിൽ ആൽബർട്ട് സംസാരിച്ചിരുന്നു. പിന്നീട്‌ വിളിക്കുകയോ വാട്‌സ്ആപ്പ് മെസേജുകൾക്കൊന്നും പ്രതികരിക്കുകയോ ചെയ്‌തിട്ടില്ലെന്ന് കുടുംബം പറഞ്ഞു. ഏപ്രിലിലാണ് ആൽബർട്ട് ജോലിയിൽ പ്രവേശിച്ചത്.

TAGS: KERALA | MISSING
SUMMARY: Keralite Mariner missing from Srilanka not found, rescue operation shut

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *