എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്

എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന്. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്നലെ പത്തനംതിട്ടയിലെത്തിച്ചിരുന്നു. രാവിലെ 9 മണിയോടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും കലക്‌ടറേറ്റില്‍ എത്തിക്കും. തുടര്‍ന്ന് 10 മണിക്ക് പൊതുദര്‍ശനം ആരംഭിക്കും. ഇതിന് ശേഷം ഉച്ചയോടെ വിലാപയാത്രയായി പത്തിശ്ശേരിയിലെ സ്വവസതിയില്‍ എത്തിക്കും. തുടര്‍ന്ന് 2 മണിക്ക് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കണ്ണൂര്‍ ജില്ല കളക്ടര്‍ അരുണ്‍ കെ. വിജയന്‍, സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവര്‍ മൃതദേഹ വാഹനത്തെ അനുഗമിച്ച് ഇന്നലെ പത്തനംതിട്ടയില്‍ എത്തിയിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്,സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി,മുൻ മന്ത്രി ശൈലജ ടീച്ചർ,സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം പി ജയരാജൻ തുടങ്ങിയവർ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചു.

അതേസമയം കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പൊതുവേദിയില്‍ അപമാനിച്ചതില്‍ മനംനൊന്ത് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്‌തതില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് കേസെടുത്തത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വി ദേവദാസാണ് പരാതി നല്‍കിയത്.

പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ ജില്ല ഭരണകൂടത്തിന് നോട്ടിസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ കണ്ണൂര്‍ ജില്ല കലക്‌ടറും ജില്ല പോലീസ് മേധാവിയും രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

ചൊവ്വാഴ്‌ചയാണ് ഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച എഡിഎമ്മിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എഡിഎമ്മിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
<BR>
TAGS : ADM NAVEEN BABU,
SUMMARY : ADM Naveen Babu’s cremation today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *