ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

ധാക്ക: ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ്.
ബംഗ്ലാദേശ് ഇന്റർനാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ ആണ് ഹസീനയ്ക്കും അവാമി ലീഗ് പാർട്ടി മുൻ ജനറല്‍ സെക്രട്ടറി ഒബൈദുല്‍ ഖദാറിനും മറ്റ് 44 പേർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ഹസീന ഉള്‍പ്പെടെ 46 പേരെ നവംബർ 18നകം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാൻ ബന്ധപ്പെട്ട അധികാരികളോട് ട്രിബ്യൂണല്‍ നിർദേശിച്ചു. ഇവർക്കെതിരെ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ട് ട്രിബ്യൂണലില്‍ പ്രോസിക്യൂഷൻ രണ്ട് ഹരജികള്‍ സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ചെയർമാൻ ജസ്റ്റിസ് എം.ഡി ഗോലം മൊർതുസ മജുംദാറിൻ്റെ നേതൃത്വത്തിലുള്ള ട്രിബ്യൂണല്‍ ഉത്തരവിട്ടതെന്ന് ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുല്‍ ഇസ്‌ലാമിനെ ഉദ്ധരിച്ച്‌ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.

രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ടിരുന്നു.ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതായാണ് റിപ്പോർട്ടുകള്‍. ശേഷം പൊതുവേദികളില്‍ ഹസീന പ്രത്യക്ഷപ്പെട്ടില്ല. ന്യൂഡല്‍ഹിക്കടുത്തുള്ള ഒരു സൈനിക താവളത്തില്‍ എത്തിയതായാണ് ഹസീനയെക്കുറിച്ചുള്ള അവസാന വിവരം.

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഹസീനയുടെ 15 വർഷം നീണ്ട ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തതായാണ് ഹസീനയ്ക്കെതിരായ ആരോപണം.

TAGS : BANGLADESH | SHEIKH HASINA
SUMMARY : Arrest warrant issued against former Prime Minister of Bangladesh Sheikh Hasina

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *