എ കെ ഷാനിബിനെ കോൺഗ്രസ് പുറത്താക്കി

എ കെ ഷാനിബിനെ കോൺഗ്രസ് പുറത്താക്കി

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ ഷാനിബിനെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. പാലക്കാട് ഡിസിസി നേതൃത്വമാണ് എ കെ ഷാനിബിനെതിരെ നടപടി എടുത്തത്. പുറത്താക്കിയ വിവരം ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

സംഘടനാവിരുദ്ധ പ്രവര്‍ത്തനവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി. സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വം കൂടിയാലോചനകൾ നടത്തില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പിൽ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു ഷാനിബ് ഉയർത്തിയത്.

സിപിഎം തുടര്‍ഭരണം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താനായി ഒരുങ്ങുന്നില്ലെന്നും പാലക്കാട്- വടകര-ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും എ.കെ ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരനെന്ന് അദ്ദേഹം പറഞ്ഞു. താന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഷാനിബ് വ്യക്തമാക്കിയിരുന്നു. ഡോ പി സരിന്റെ വിജയത്തിനായി ഇനി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം പാര്‍ട്ടിയില്‍ പരാതി പറയാന്‍ ആളില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി സതീശന്‍ ആര്‍എസ്എസിന്റെ കാല് പിടിക്കുയാണെന്നും ഷാനിബ് ആരോപിച്ചു. വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൻ സരിൻ പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണ്. അത് സാധൂകരിക്കുന്ന കാര്യങ്ങളാണ് തനിക്കും പറയാനുള്ളത്. പ്രതീക്ഷിക്കാത്ത തീരുമാനങ്ങൾ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും ഷാനിബ് പറഞ്ഞിരുന്നു.
<BR>
TAGS : SHANIB | CONGRESS
SUMMARY : Congress expelled AK Shanib

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *