മെട്രോ സ്റ്റേഷനുകളിൽ കഫെ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതി

മെട്രോ സ്റ്റേഷനുകളിൽ കഫെ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതി

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലുള്ള 55 സ്റ്റേഷനുകളിൽ കഫെകൾ ഉൾപ്പെടെയുള്ള റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ പദ്ധതി. ഔട്ട്‌ലെറ്റുകൾക്കായി ടെൻഡർ ക്ഷണിച്ചതായി ബിഎംആർസിഎൽ അറിയിച്ചു. കോർപ്പറേഷന് അധിക വരുമാനം ഉണ്ടാക്കുന്നതിനൊപ്പം യാത്രക്കാരുടെ മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുകയാണ് സംരംഭം ലക്ഷ്യമിടുന്നത്.

ഭക്ഷണ പാനീയ കിയോസ്‌ക്കുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, പേഴ്‌സണൽ കെയർ ഷോപ്പുകൾ എന്നിവയുൾപ്പെടെ വിവിധ റീട്ടെയിൽ ഓപ്ഷനുകൾക്കായി ബിഎംആർസിഎൽ സ്റ്റേഷനിലെ സ്ഥലങ്ങൾ വാടകയ്ക്ക് നൽകും. മെട്രോ യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

കൂടാതെ മെട്രോ നോൺ-ഫെയർ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗം കൂടിയാണിത്. അനുവദനീയമായ വാണിജ്യ പ്രവർത്തനങ്ങൾക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ, 55 സ്റ്റേഷനുകളിലായി 220 ഒഴിഞ്ഞ സ്ഥലങ്ങൾ വാണിജ്യ ഔട്ട്‌ലെറ്റുകൾക്കായി കണ്ടെത്തിയിട്ടുണ്ട്. താൽപ്പര്യമുള്ള കമ്പനികൾക്ക് ലേഔട്ട്, ചതുരശ്ര അടി, ഓരോ ലൊക്കേഷനുമുള്ള മിനിമം പ്രതിമാസ ലൈസൻസ് ഫീസ് എന്നിവ വ്യക്തമാക്കുന്ന ടെൻഡർ ഡോക്യുമെൻ്റ് നൽകാമെന്ന് മെട്രോ അധികൃതർ പറഞ്ഞു.

TAGS: BENGALURU | NAMMA METRO
SUMMARY: Metro stations to have retails outlets soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *