ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ നഗരത്തിൽ 50 ശതമാനമാ മുതൽ 75 ശതമാനം വരെ മഴ ലഭിക്കും. മേയ് മാസത്തിൽ ഇതുവരെ 45.9 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ ലഭിച്ചത്, ഇത് 128.7 മില്ലിമീറ്ററിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് 10ന് നഗരത്തിലെ താപനില പരമാവധി 38 ഡിഗ്രി സെൽഷ്യസിൽ നിന്ന് തിങ്കളാഴ്ച 30.4 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു, മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന താപനിലയാണിത്.

ഇതിനിടെ തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് ചില മെട്രോ സ്റ്റേഷനുകളുടെ എൻട്രി എക്സിറ്റ് പോയിന്റുകളിൽ വെള്ളം കയറി. കടുഗോഡി ട്രീ പാർക്ക് സ്റ്റേഷനിൽ വെള്ളം കയറിയത് കാരണം എക്സിറ്റ് പോയിൻ്റുകൾ അടച്ചതോടെ യാത്രക്കാർക്ക് അസൗകര്യം നേരിട്ടു. ഞായറാഴ്ച രാത്രി നഗരത്തിൻ്റെ പല ഭാഗങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിച്ചിരുന്നു. ബൊമ്മനഹള്ളി സോണിലെ ബില്ലേക്കഹള്ളിയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.

രാജാജിനഗർ, മഹാലക്ഷ്മി ലേഔട്ട്, മല്ലേശ്വരം, ശേഷാദ്രിപുരം, ബസവേശ്വര നഗർ, മജസ്റ്റിക്, മാഗഡി റോഡ്, ആർടി നഗർ, ജയമഹൽ, ചിക്ക്പേട്ട് തുടങ്ങി നിരവധി പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തു. എച്ച്എഎൽ 23.4 മില്ലീമീറ്ററും, ബെംഗളൂരുവിൽ 14.4 മില്ലീമീറ്ററും, ചിത്രദുർഗയിൽ 21 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ബൊമ്മനഹള്ളി സോണിൽ 12 മരങ്ങളും ആർആർ നഗർ സോണിൽ എട്ട് മരങ്ങളും കടപുഴകി വീണു. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ബെലഗാവി, ധാർവാഡ്, ഹാവേരി, ചിക്കമഗളൂരു, ചിത്രദുർഗ, ഹാസൻ, കുടക്, മാണ്ഡ്യ, രാമനഗര, ശിവമോഗ എന്നീ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *