പ്രവാസമില്ലെങ്കിൽ സാഹിത്യമില്ല: കവി വീരാൻകുട്ടി

പ്രവാസമില്ലെങ്കിൽ സാഹിത്യമില്ല: കവി വീരാൻകുട്ടി

ബെംഗളൂരു: എല്ലാ മനുഷ്യരും ഏഴുത്തുകാരും ഒരര്‍ത്ഥത്തില്‍ പ്രവാസ സാഹിത്യകാരാണെന്നും പ്രവാസമില്ലെങ്കില്‍ സാഹിത്യമില്ലെന്നും കവി വീരാന്‍കുട്ടി. ബാംഗ്ലൂര്‍ റൈറ്റേഴ്സ് ആന്റ് ആര്‍ട്ടിസ്റ്റ് ഫോറം സംഘടിപ്പിച്ച സാംസ്‌കാരിക സംവാദത്തില്‍ കവിത- വാക്കും വിതാനവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മണ്ണിലിരിക്കുമ്പോള്‍ ആ മണ്ണിലുള്ളതൊന്നും നമ്മുക്ക് സാഹിത്യ വസ്തുക്കളല്ല. പുറത്ത് കടക്കുമ്പോഴാണ് നമ്മള്‍ക്ക് അതൊക്കെ ഭാവനാത്മകമായ മൂല്യവസ്തുക്കളായി മാറുന്നത്. അവയെ ആവിഷ്‌കരിക്കാന്‍ ഏറ്റവും അനുയോജ്യമായ മാധ്യമം കവിതയാണെന്നും അദ്ദേഹം പറഞ്ഞു. അവനവനെ ഭാഷയിലൂടെ മോചിപ്പിക്കുക എന്നതാണ് കവിതയുടെ ധര്‍മ്മം. ജീവിതത്തിന്റെ ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഏതു മനുഷ്യനും കവിത കൈയ്യിലെടുക്കാതെ പറ്റില്ല. കവിതയിലൂടെയല്ലാതെ മറികടക്കാനാവാത്ത സന്ദര്‍ഭങ്ങളുടെ ആകെ തുകയാണ് ജീവിതം എന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത്. വീരാന്‍കുട്ടി പറഞ്ഞു.

റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട് ടി. എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പതിനെട്ടോളം കവികള്‍ പങ്കെടുത്ത ‘കവിതായനം’ കവിയരങ്ങ് നടന്നു. ടിപി വിനോദ്, ബിന്ദു സജീവ്, രമ പ്രസന്ന പിഷാരടി, വിന്നീ ഗംഗാധരന്‍, ഉണ്ണികൃഷ്ണന്‍ നമ്പീശന്‍, കൃഷ്ണന്‍ നമ്പ്യാര്‍, സതീഷ് തോട്ടശ്ശേരി, ഇഖ്ബാല്‍ ചേന്നര, ടി. ഒ. രാഹുല്‍, സിന കെ എസ്, സിന്ധു ഗാഥ, അന്‍വര്‍ മുത്തില്ലത്ത്, അഖില്‍ ജോസ്, സുരേന്ദ്രന്‍ വെണ്‍മണി, കൃഷ്ണമ്മ, ആര്‍ വി ആചാരി, ഗീത പി, മുഹമ്മദ് ബാവലി എന്നിവവര്‍ കവിതകള്‍ അവതരിപ്പിച്ചു. ബി എസ് ഉണ്ണികൃഷ്ണന്‍, സുദേവന്‍ പുത്തന്‍ചിറ, ഡെന്നീസ് പോള്‍, രഞ്ജിത്ത്, ടി എം ശ്രീധരന്‍ എന്നിവര്‍ കവിതകള്‍ അവലോകനം ചെയ്തു സംസാരിച്ചു. വീരാന്‍കുട്ടി കവിതകള്‍ വിലയിരുത്തി.

ചടങ്ങില്‍ എഴുത്തുകാരായ സതീഷ് തോട്ടശ്ശേരി, മുഹമ്മദ് കുനിങ്ങാട്, രമ പ്രസന്ന പിഷാരടി, സി എച്ച് പദ്മനാഭന്‍ എന്നിവരുടെ പുസ്തകങ്ങള്‍ വീരാന്‍കുട്ടി പ്രകാശനം ചെയ്തു. രമ പ്രസന്ന പിഷാരടി, വിഷ്ണുമംഗലം കുമാർ, ശാന്തകുമാർ എലപ്പുളി, തങ്കച്ചൻ പന്തളം എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.

തുടര്‍ന്ന് നടന്ന കാവ്യമാലികയില്‍ കുമാരനാശാൻ, ഒഎൻവി, വയലാർ, ചങ്ങമ്പുഴ, മുരുകൻ കാട്ടാക്കട എന്നിവരുടെ കവിതകള്‍ ആലപിച്ചു. കവിതായനം, കാവ്യമാലിക എന്നിവയുടെ ഏകോപനം കെ.ആര്‍ കിഷോര്‍ നിര്‍വഹിച്ചു. ഗീത, അനിൽ മിത്രാനന്ദപുരം, തങ്കച്ചന്‍ പന്തളം, മുഹമ്മദ് കുനിങ്ങാട്, അര്‍ച്ചന സുനില്‍, ശാന്തകുമാര്‍ എലപ്പുളി എന്നിവര്‍  സംസാരിച്ചു.

 

ചിത്രങ്ങള്‍

 

<br>
TAGS : ART AND CULTURE,

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *