പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം; നവീൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം; നവീൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയിലേക്ക്. പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഇന്നലെ പ്രതികരിച്ചിരുന്നു. നീതി ലഭിക്കുന്നതിന് വേണ്ടി വന്നാൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും വരെ സമീപിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം.

ഇന്നലെയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. 11 ദിവസം പള്ളിക്കുന്ന് വനിതാ ജയിലിലായിരുന്നു ദിവ്യ. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാക്കണം, കണ്ണൂർ ജില്ല വിട്ടു പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നവീൻ ബാബുവിന്‍റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ ദിവ്യ, തന്‍റെ നിരപരാധിത്വം തെളിയണമെന്നും കേസിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കഴിഞ്ഞ മാസം 29നാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്.

അതിനിടെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ജുഷ അപേക്ഷ നല്‍കി. കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റി നല്‍കണമെന്നും മഞ്ജു ആവശ്യപ്പെട്ടു. കോന്നി തഹസില്‍ദാരായ മഞ്ജുഷ നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയില്‍ പ്രവേശിക്കാനിരിക്കേയാണ് അപേക്ഷ നല്‍കിയത്.
<BR>
TAGS : ADM NAVEEN BABU DEATH | PP DIVYA
SUMMARY : PP Divya’s bail should be cancelled; Naveen Babu’s family to High Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *