ആരും സന്തുഷ്ടരല്ല, എങ്ങും ഭയപ്പാടും അസ്വസ്ഥതയും: നടന്‍ പ്രകാശ് രാജ്

ആരും സന്തുഷ്ടരല്ല, എങ്ങും ഭയപ്പാടും അസ്വസ്ഥതയും: നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: രാജ്യത്ത് ഏറെപ്പേരും സന്തോഷത്തോടെയല്ല ജീവിക്കുന്നതെന്നും നമ്മൾ സ്വയം ഉണ്ടാക്കിയ മുറിവുകളാണ് അതിന് കാരണമെന്നും നടൻ പ്രകാശ് രാജ്. ബെംഗളൂരുവിൽ എഴുത്തുകാരി കെ. ആർ. മീരയുടെ ഭഗവാൻ്റെ മരണം എന്ന കഥാസമാഹാരത്തിൻ്റ കന്നഡ പരിഭാഷ ‘ഭഗവന്തന സാവു’വിൻ്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസ്വസ്ഥതയും ഭയപ്പാടും രാജ്യത്ത് എല്ലാവരിലുമുണ്ട്. ഉൾക്കൊള്ളുവാൻ സാധിക്കാത്ത ക്രൂരതയെ വിശുദ്ധവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അതുണ്ടാക്കുന്ന ആശങ്ക വലുതാണ്‌. നമ്മെ വേദനിപ്പിക്കുന്നതും എന്നാൽ പ്രകടിപ്പിക്കാൻ സാധിക്കാത്തതുമായ ഒരു വേദനയുണ്ട്. അത്തരമൊരു കാലത്താണ് ഭഗവാൻ്റെ മരണം എന്ന കൃതി പുറത്തിറങ്ങിയത്. അതിലെ കഥാപാത്രങ്ങൾ എല്ലാം സാങ്കൽപ്പികമാണ്. എന്നാൽ അതിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ ആയി സാമ്യമുണ്ടെങ്കിൽ അതിന് കാരണം നാം ജീവിക്കുന്ന കാലമാണെന്ന് കഥയുടെ തുടക്കത്തില്‍ തന്നെ കഥാകാരി നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിഭാഷ പുറത്തിറക്കിയ പുസ്തക പ്രസാധകരായ ബഹുരൂപിയും, ഡോ. എം.എം. കൽബുർഗി നാഷണൽ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

കന്നഡ സാഹിത്യകാരൻ ഹംപ നാഗരാജയ്യ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരി കെ.ആര്‍. മീര, പുസ്തകം പരിഭാഷ ചെയ്ത പത്രപ്രവർത്തകൻ വിക്രം കാന്തിക്കരെ, ഡോ. എംഎം കൽബുർഗി ട്രസ്റ്റ് അംഗങ്ങളായ ശ്രീവിജയ, സിദ്ധനഗൗഡ പാട്ടീൽ, ബഹുരൂപി സ്ഥാപകരായ ജി.എൻ. മോഹൻ, വി.എൻ. ശ്രീജ എന്നിവർ പങ്കെടുത്തു.

<BR>
TAGS :  PRAKASH RAJ
SUMMARY : No one is happy, fear and unrest everywhere: Prakash Raj

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *