ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും, കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. യുഡിഎഫ് നേതാക്കളെല്ലാം വേദിയിലുണ്ടായിരുന്നു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്.

കോണ്‍ഗ്രസിന്റെ പ്രാധാന്യം സന്ദീപിന്റെ വരവിലൂടെ കൂടിയെന്ന് കെ സുധാകരന്‍ പറഞ്ഞു. എന്റെ പ്രിയപ്പെട്ട സന്ദീപ് വാരിയര്‍ എന്ന അഭിസംബോധനയോടെയാണ് സന്ദീപിനെ സുധാകരന്‍ സ്വീകരിച്ചത്. സന്ദീപ് വെറുപ്പിന്റെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് കടന്നുവരുന്നതായി വി.ഡി.സതീശനും വ്യക്തമാക്കി.

കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സന്ദീപിന്റെ നിര്‍ണായക നീക്കം. പാലക്കാട് തിരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് ബിജെപി ക്യാമ്പിന് അപ്രതീക്ഷിത പ്രഹരമേല്‍പ്പിച്ച് പ്രമുഖ നേതാവിന്റെ കൂടുമാറ്റം. രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവില്‍ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തിന് അനുമതി നല്‍കിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്.

ഉപതിരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യര്‍ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. എൻഡിഎയുടെ കൺവെൻഷനിൽ പരസ്യമായി അപമാനിച്ചു എന്നു കാണിച്ചാണ് സന്ദീപ് വാര്യർ ബിജെപിയുമായി ഇടഞ്ഞത്.

പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതല്‍ ചൊടിപ്പിച്ചത്. നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കെ സുരേന്ദ്രന്‍ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാന്‍ മുന്‍കയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു.

ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മിലേക്ക് എന്ന സൂചനയുണ്ടായിരുന്നു. ആദ്യം ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ തള്ളി മതനിരപേക്ഷ നിലപാട് സന്ദീപ് പരസ്യമായി പറഞ്ഞിട്ടുമതി ചര്‍ച്ചകള്‍ എന്നായിരുന്നു സിപിഎം തീരുമാനം. ഇതിനിടയില്‍ സി.പി.ഐലേക്ക് പോകുന്നുവെന്നും വാര്‍ത്തകള്‍ വന്നു. ബിജെപി സംസ്ഥാന നേതാക്കള്‍ തന്നെ ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്ദീപ് വഴങ്ങിയിരുന്നില്ല. ഇതോടെ ബിജെപി സന്ദീപിനെതിരെ നടപടിയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ നടപടിയുണ്ടായാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നായിരുന്നു സന്ദീപിന്റെ മറുപടി. തന്നെ അപമാനിച്ച നേതാക്കള്‍ക്കെതിരേ നടപടി വേണമെന്ന നിലപാടില്‍ സന്ദീപ് ഉറച്ചു നിന്നു. അല്ലാതെ പാര്‍ട്ടി വേദികളിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

<BR>
TAGS : SANDEEP G WARRIER
SUMMARY : BJP leader Sandeep Warrier joined Congress

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *