ജാർഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ; സത്യപ്രതിജ്ഞ ഇന്ന്
ഹേമന്ത് സോറനും ഭാര്യ കൽപന സോറനും

ജാർഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ; സത്യപ്രതിജ്ഞ ഇന്ന്

റാഞ്ചി: ജാർഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിലെ മോർഹബാദി മൈതാനത്തു നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവർ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ഈ പരിപാടിയുടെ ഭാഗമാകും. വ്യാഴാഴ്ച വൈകീട്ട് നാലിന് ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാറാണ്‌ ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുക്കുക.

തന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ജനങ്ങളോട് അഭ്യർഥിച്ച ഹേമന്ത് സോറൻ പരിപാടി തത്സമയം കാണാൻ യൂട്യൂബ് ലിങ്കും ഷെയർ ചെയ്തിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് റാഞ്ചി നഗരത്തിലുടനീളം ട്രാഫിക് ക്രമീകരണങ്ങൾക്കൊപ്പം പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. സോറൻ ഒറ്റയ്ക്കാണ്‌ സത്യപ്രതിജ്ഞ ചെയ്യുന്നത്‌. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കാനാണ്‌ തീരുമാനം.

ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറൻ (49) നാലാം തവണയാണ്‌ മുഖ്യമന്ത്രിയാകുന്നത്. 2024 നിയമസഭാ തെരഞ്ഞെടുപ്പിൽ 39,791 വോട്ടുകൾക്ക് ബിജെപിയുടെ ഗാംലിയാൽ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് സോറൻ ബർഹൈത്ത് സീറ്റ് നിലനിർത്തിയത്‌. 81 അംഗ നിയമസഭയിൽ 34 സീറ്റ് നേടിയ ജെഎംഎം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് 16 സീറ്റിലും ആർജെഡി 4 സീറ്റിലും വിജയിച്ചിരുന്നു. സിപിഐഎംഎൽ 2 സീറ്റിലാണു വിജയിച്ചത്.
<BR>
TAGS : JHARKHAND | HEMANT SORAN
SUMMARY : Hemant Soren becomes 14th Chief Minister of Jharkhand; oath-taking today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *