ബെംഗളൂരു ചുറ്റിക്കറങ്ങാൻ യാത്രക്കാർക്ക് അവസരമൊരുക്കി ബിഎംടിസിയുടെ ദർശിനി

ബെംഗളൂരു ചുറ്റിക്കറങ്ങാൻ യാത്രക്കാർക്ക് അവസരമൊരുക്കി ബിഎംടിസിയുടെ ദർശിനി

ബെംഗളൂരു: വേനലവധിക്കാലത്ത് ബെംഗളൂരു സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ബിഎംടിസിയുടെ ദർശിനി ബസ് ഉപയോഗപ്പെടുത്താം. ഒറ്റ ദിവസംകൊണ്ട് തുച്ഛമായ നിരക്കിൽ വിനോദസഞ്ചാര കേന്ദ്രങ്ങളടക്കം നഗരത്തിലെ 12 ഇടങ്ങൾ സന്ദർശിക്കാനുള്ള സൗകര്യമാണ് ദർശിനി സർവീസിലൂടെ ബിഎംടിസി ഒരുക്കുന്നത്.

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് 2015ൽ ആരംഭിച്ച സ‍ർവീസിന് 2021ന് ശേഷം മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് ബിഎംടിസി അറിയിച്ചു. ഈ വ‍ർഷം ഏപ്രിൽ വരെ 2578 പേർ ബസിൽ യാത്ര നടത്തിയത്. കെംപഗൗഡ ബസ് സ്റ്റേഷനിൽനിന്ന് സർവീസ് ആരംഭിക്കുന്ന ബസ്, രാജാജി നഗർ ഇസ്കോൺ ക്ഷേത്രം, വിധാൻ സൗധ, ടിപ്പു പാലസ്, ഗവിഗംഗാധരേശ്വര ക്ഷേത്രം, ബുൾ ടെംപിൾ, ദൊഡ്ഡ ഗണപതി ക്ഷേത്രം, ക‍ർണാടക സിൽക്ക് എംപോറിയം, എംജി റോഡ്, ആൾസൂർ തടാകം, കബ്ബൺ പാർ‌ക്ക്, എം വിശ്വേശ്വരയ്യ മ്യൂസിയം, വെങ്കട്ടപ്പ ആർട്ട് ഗാലറി, സർക്കാർ മ്യൂസിയം, കർണാടക ചിത്രകലാ പരിഷത്ത് എന്നിവിടങ്ങളിലൂടെയാണ് യാത്ര നടത്തുന്നത്.

2021 മുതൽ 2024 വരെയുള്ള വരുമാനത്തിൽനിന്ന് 72.59 ലക്ഷം രൂപ ചെലവിട്ട് ബിഎംടിസി സ്വന്തമാക്കിയ വോൾവോ ബസ് ആണ് ദ‍ർശിനി സർവീസിന് നിലവിൽ ഉപയോഗിക്കുന്നത്. 2021 മുതൽ 2024 വരെയുള്ള കാലയളവിൽ 17,800 പേർ ദ‍ർശിനി സർവീസ് ഉപയോഗിച്ചിട്ടുണ്ട്. 2021ൽ 685 പേർ ബസിൽ യാത്ര ചെയ്തു.

2022ൽ യാത്രക്കാരുടെ എണ്ണം 6400ലേക്ക് ഉയ‍ർന്നു. ഇതുവഴി 26.27 ലക്ഷം രൂപയാണ് ബിഎംടിസിക്ക് വരുമാനം ലഭിച്ചത്. 400 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 300 രൂപയാണ് നിരക്ക്. സർവീസ് ചാർജായി 15 രൂപ കൂടി ടിക്കറ്റിൽ ചുമത്തുന്നുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *