ബെംഗളൂരു – ചെന്നൈ റൂട്ടിൽ യാത്രാസമയം കുറയ്ക്കാനൊരുങ്ങി റെയിൽവേ

ബെംഗളൂരു – ചെന്നൈ റൂട്ടിൽ യാത്രാസമയം കുറയ്ക്കാനൊരുങ്ങി റെയിൽവേ

ബെംഗളൂരു: ബെംഗളൂരു – ചെന്നൈ റൂട്ടിൽ യാത്രാസമയം കുറയ്ക്കാനൊരുങ്ങി ദക്ഷിണ പശ്ചിമ റെയിൽവേ. ഈ റൂട്ടിലുള്ള വന്ദേ ഭാരത് എക്സ്പ്രസിന്‍റെ യാത്രാ സമയം 25 മിനിറ്റ് കുറയ്ക്കുന്ന വിധത്തിൽ വേഗത വർധിപ്പിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. മാറ്റങ്ങൾ പൂർത്തിയാകുന്നതോടെ ബെംഗളൂരു- ചെന്നൈ വന്ദേ ഭാരത് യാത്ര വെറും നാല് മണിക്കൂറായി കുറയും.

വന്ദേ ഭാരതിനൊപ്പം തന്നെ ബെംഗളൂരു- ചെന്നൈ ശതാബ്ദി എക്സ്പ്രസിന്‍റെയും യാത്രാ സമയം കുറയ്ക്കും. ശതാബ്ദിയുടെ യാത്രാ സമയം 20 മിനിറ്റ് കുറഞ്ഞേക്കും. നിലവിൽ അഞ്ച് മണിക്കൂറാണ് ശതാബ്ദിക്ക് വേണ്ടസമയം. വ്യാഴാഴ്ച ബെംഗളൂരു-ജോലാർപേട്ട സെക്ഷനിൽ വേഗതാ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ നിന്ന് 130 കിലോമീറ്ററായി ഉയർത്തുകയാണ് ലക്ഷ്യം. ട്രയൽ റണ്ണിന്‍റെ പൂർണ്ണ റിപ്പോർട്ടും സുരക്ഷാ ക്ലിയറൻസും ലഭിച്ചാൽ വേഗത കൂട്ടുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

പരീക്ഷണ ഓട്ടത്തിൽ വന്ദേ ഭാരതിന് മണിക്കൂറിൽ 183 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിച്ചുവെങ്കിലും ട്രാക്കിന്‍റെ പരിമിതികൾ കാരണം 160 കിലോമീറ്ററായി നിയന്ത്രിച്ചതായി റെയിൽവേ അറിയിച്ചു. കഴിഞ്ഞ വർഷം ചെന്നൈ-ജോലാർപേട്ട റൂട്ട് മണിക്കൂറിൽ 130 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന വിധത്തിൽ മാറ്റിയിരുന്നു.

TAGS: BENGALURU | VANDE BHARAT
SUMMARY: Bengaluru-Chennai travel time on Vande Bharat set to reduce to 4 hours

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *