ചരിത്രത്തിലെ ഏറ്റവും കുറവ് സ്ഥാനാർഥികളുമായി വാരണാസി; റിട്ടേണിംഗ് ഓഫീസർക്കെതിരെ പരാതി

ചരിത്രത്തിലെ ഏറ്റവും കുറവ് സ്ഥാനാർഥികളുമായി വാരണാസി; റിട്ടേണിംഗ് ഓഫീസർക്കെതിരെ പരാതി

ചരിത്രത്തിലെ ഏറ്റവും കുറവ് സ്ഥാനാർഥികളുമായി വാരണാസി. ആകെ സമർപ്പിച്ച 41 നാമനിർദേശ പത്രികകളിൽ 33 പത്രികകളും തള്ളി. വാരണാസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് സ്ഥാനാർത്ഥികളാണ് ഇത്തവണ ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2019 ൽ 26സ്ഥാനാർഥികളും 2014 ൽ 42 സ്ഥാനാർഥികളും മത്സരിച്ച ഇടത്താണ് ഇത്തവണ വെറും ഏഴ് പേർ മാത്രം മത്സരിക്കുന്നത്. ഇതോടെ റിട്ടേണിംഗ് ഓഫീസർ രാജലിംഗത്തിനും അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർക്കുമെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

ആദ്യം തങ്ങളുടെ പത്രികകളിൽ ഒച്ചിഴയുന്ന വേഗത്തിലാണ് റിട്ടേണിംഗ് ഓഫീസർ നടപടികൾ പൂർത്തിയാക്കിയതെന്ന് സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടവർ അടക്കം പറഞ്ഞു. പിന്നീട് 14 ബിജെപി ബന്ധമുള്ള സ്ഥാനാർഥികളുടെ പത്രികകൾ പരിശോധിക്കാൻ മാത്രം റിട്ടേണിംഗ് ഓഫീസർ മണിക്കൂറുകൾ ചെലവഴിച്ചു. മെയ് 14ന് പത്രികാ സമർപ്പണത്തിൻ്റെ അവസാന ദിവസം രാവിലെ 27 പത്രികകൾ അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകുന്നേരമായപ്പോൾ സുനിൽ കുമാർ ബിന്ദ് അടക്കമുള്ളവരുടെ പത്രികകൾ തള്ളുകയായിരുന്നു.

ഇതിൽ നിരവധി പേരുടെ പത്രിക തള്ളുന്നതിന് സത്യവാചകം ചൊല്ലിയില്ലെന്ന കാരണമാണ് ചൂണ്ടിക്കാട്ടിയത്. ഇത് പത്രിക സമർപ്പിച്ചാൽ തൊട്ടുപിന്നാലെ റിട്ടേണിംഗ് ഓഫീസറുടെ മേൽനോട്ടത്തിൽ ചെയ്യേണ്ടതാണ്. ഭരണഘടനയുടെ അനുച്ഛേദം 84എ പ്രകാരമുള്ള നിബന്ധനയാണ് ഇത്. എന്നാൽ തങ്ങളോട് സത്യവാചകം ചൊല്ലാൻ റിട്ടേണിംഗ് ഓഫീസർ ആവശ്യപ്പെട്ടില്ലെന്നാണ് അവസരം നിഷേധിക്കപ്പെട്ടവർ ആരോപിക്കുന്നത്. സത്യവാചകം ചൊല്ലുന്ന കാര്യം മൂന്ന് തവണ വീതം റിട്ടേണിംഗ് ഓഫീസറോടും അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസറോടും പറഞ്ഞതാണെന്നും എന്നാൽ രണ്ട് പേരും ഇത് കേട്ടഭാവം നടിച്ചില്ലെന്നുമാണ് വാദം. 33 പേരുടെയും പത്രിക തള്ളുന്നതിന് ഇക്കാരണങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ ആരോപണങ്ങളിൽ റിട്ടേണിംഗ് ഓഫീസർ പ്രതികരിച്ചിട്ടില്ല. ജൂൺ ഒന്നിനാണ് വാരണാസിയിൽ വോട്ടെടുപ്പ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടമാണ് ഇത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *