മാക്കൂട്ടം ചുരം റോഡ്- ശാശ്വത പരിഹാരം വേണം; എം.എം.എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കി

മാക്കൂട്ടം ചുരം റോഡ്- ശാശ്വത പരിഹാരം വേണം; എം.എം.എ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്‍കി

ബെംഗളൂരു: കര്‍ണാടക-കേരള അന്തര്‍ സംസ്ഥാന പാതയായ വീരാജ്‌പേട്ട മാക്കൂട്ടം റോഡില്‍ ബിട്ടന്‍കല മുതല്‍ മാക്കൂട്ടം വരെയുള്ള 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചുരം റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു മലബാര്‍ മുസ്ലിം അസോസിയേഷന്‍ എന്‍.എ ഹാരിസ് എം.എല്‍.എ മുഖേന കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കഹോളിക്ക് നിവേദനം നല്‍കി. സമാനമായ പരാതി കഴിഞ്ഞ വര്‍ഷം നല്‍കിയെങ്കിലും അറ്റകുറ്റപണികള്‍ നടത്തിയാണ് താല്‍കാലിക പരിഹാരം കണ്ടത്. ഇപ്പോള്‍ വീണ്ടും പഴയ അവസ്തയെക്കാള്‍ ദയനീയമാണ് റോഡിന്റെ അവസ്ഥ. പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് യാത്ര വളരെ ദുഷ്‌കരമായിട്ടുണ്ട്. ഇതിന് താല്‍ക്കാലികമല്ലാതെ ശാശ്വത പരിഹാരമാണ് നിവേദനത്തില്‍ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കര്‍ണാടക സംസ്ഥാന അതിര്‍ത്തിയില്‍ കണ്ണൂര്‍, തലശ്ശേരി,പയ്യന്നൂര് , കാഞ്ഞങ്ങാട്-കാസറഗോഡ് മുതലായ ഭാഗങ്ങളിലെ വ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് കുടകിലേക്കും അവിടെ നിന്ന് തിരിച്ചും ദിനേന നൂറ് കണക്കിന് ചരക്ക് വാഹനങ്ങളും യാത്രക്കാരും ഉപയോഗിക്കുന്നതാണ് ഈ പാത. കൂടാതെ കുടക് (കൂര്‍ഗ്) പ്രദേശത്ത് നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഏറ്റവും എളുപ്പത്തില്‍ കുടകില്‍ നിന്നും മൈസ്സൂര്‍ ഭാഗത്ത് നിന്നും എത്താന്‍ പറ്റുന്ന റൂട്ടാണിത്. ഈ റോഡ് പൂര്‍ണമായും തകര്‍ന്ന് ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.

സാധാരണക്കാരായ യാത്രക്കാരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. അപകടങ്ങളും പരിക്കുകളും ഭയന്ന് കാല്‍നടയാത്രക്കാര്‍ക്ക് പോലും ഉപയോഗിക്കാന്‍ കഴിയാത്ത വിധം ദയനീയമാണ് റോഡിന്റെ അവസ്ഥ. പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുള്ള പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കുടകിലേക്ക് കേരളത്തില്‍ നിന്ന് നിരവധി വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്നു പോകുന്നു. ഇതുകൂടാതെ ശബരിമല തീര്‍ഥാടകരും ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ശബരിമല സീസണ്‍ ആയതിനാല്‍ അവരുടെ യാത്രയും ദുഷ്‌കരമാകും. റോഡിന്റെ പണി അടിയന്തരമായ ആവശ്യമായതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നാണ് മലബാര്‍ മുസ്ലിം അസ്സോസിയേഷന്‍ ഭാരവാഹികള്‍ എംഎല്‍എ യോട് ആവശ്യപ്പെട്ടത്.
<BR>
TAGS : MALABAR MUSLIM ASSOCIATION

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *