പുതുവത്സരാഘോഷം; മാർഗനിർദേശം പുറത്തിറക്കി ബിബിഎംപി

പുതുവത്സരാഘോഷം; മാർഗനിർദേശം പുറത്തിറക്കി ബിബിഎംപി

ബെംഗളൂരു: പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ മാർഗനിർദേശം പുറത്തിറക്കി ബിബിഎംപി. മുൻവർഷങ്ങളിലേതിനേക്കാൾ നിയന്ത്രണങ്ങളും തയ്യാറെടുപ്പുകളും സുരക്ഷാ നടപടികളും ഇത്തവണ നഗരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതവും സുഗമവുമായ ആഘോഷത്തിന് നിരവധി സുരക്ഷാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

പൊതു സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന വിധത്തിലാണ് ഇത്തവണ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രധാന ഇടങ്ങളിലെല്ലാം പോലീസ് സാന്നിധ്യവും നിരീക്ഷണവും വർധിപ്പിക്കും. നഗരത്തിലുടനീളം 800 ലധികം സിസിടിവി കാമറകൾ സുരക്ഷാ നടപടികളുടെ ഭാഗമായി സ്ഥാപിക്കും. പ്രധാന റോഡുകളിലും മേൽപ്പാലങ്ങളിലും ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തും.

ഡിസംബർ 31 ന് രാത്രി 10 മണി മുതൽ പ്രധാന മേൽപ്പാലങ്ങൾ ഗതാഗതത്തിനായി അടച്ചിരിക്കും. കൂടാതെ രാത്രി 8 മണിക്ക് ശേഷം എം.ജി. റോഡും ബ്രിഗേഡ് റോഡും നിയന്ത്രിക്കും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ വനിതാ പോലീസുകാരെ നഗരത്തിലുടനീളം വിന്യസിക്കും. ഉച്ചഭാഷിണികളും പടക്കങ്ങളും നഗരത്തിൽ നിരോധിച്ചിട്ടുണ്ട്. ബാറുകളും പബ്ബുകളും പുലർച്ചെ ഒരുമണി വരെ മാത്രമേ പ്രവർത്തിക്കൂ. എന്നാൽ ബെംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് സംഘാടകർ അനുമതി ഉറപ്പാക്കണമെന്നും ബിബിഎംപി നിർദേശിച്ചു.

TAGS: BENGALURU | BBMP
SUMMARY: BBMP issues guidelines for new year eve

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *