ബസ് യാത്രയ്ക്കിടെ മൂട്ട കടിച്ചു; യുവതിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

ബസ് യാത്രയ്ക്കിടെ മൂട്ട കടിച്ചു; യുവതിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

ബെംഗളൂരു: ബസ് യാത്രക്കിടെ സീറ്റില്‍ നിന്ന് മൂട്ട കടിച്ചതിന് യാത്രക്കാരിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ദക്ഷിണ കന്നഡ പാവൂര്‍ സ്വദേശിനി ദീപിക സുവര്‍ണയ്ക്കാണ് 1.29 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്. കന്നഡ നടന്‍ ശോഭരാജ് പാവൂരിന്‍റെ ഭാര്യയാണ് ദീപിക. മംഗളൂരുവിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്രയ്ക്കിടെയാണ് സുവര്‍ണക്ക് മൂട്ടയുടെ കടിയേറ്റത്. യാത്രക്കാരിക്കുണ്ടായ മാനസിക ക്ലേശം, ബുദ്ധിമുട്ട്, സാമ്പത്തിക നഷ്ടം എന്നിവ കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കമ്മീഷൻ സ്വകാര്യ ബസ് ഓപ്പറേറ്ററോടും ബുക്കിംഗ് ഏജൻ്റിനോടുമാണ് ഉത്തരവിട്ടത്.

മംഗളൂരു അലപെ ഗ്രാമവാസിയായ ദീപിക 2022 ഓഗസ്റ്റ് 16നാണ് മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ വൃത്തിഹീനമായ സീറ്റുകളും അസ്ഥാനത്ത് സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുമാണ് ബസില്‍ കയറിയപ്പോള്‍ കണ്ടത്. ഇതേക്കുറിച്ച് ബസ് ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മൂട്ട ശല്യവും തുടങ്ങി. സ്ലീപ്പർ കോച്ചിലെ മൂട്ട കടി കാരണം യുവതിയുടെ കയ്യിലും കഴുത്തിലും ശരീരത്തിലും പാടുകളും നീര്‍വീക്കവും ഉണ്ടായി.

സംഭവം നടക്കുമ്പോൾ ദീപികയും ശോഭരാജും കന്നഡ റിയാലിറ്റി ഷോയിലെ മത്സരാര്‍ഥികളായിരുന്നു. ഇതില്‍ പങ്കെടുക്കാനായിരുന്നു ദീപിക ബെംഗളൂരുവിലേക്ക് പോയത്. എന്നാൽ നീർവീക്കവും ശരീരത്തിനേറ്റ ക്ഷതവും കാരണം അലർജി കുറയാൻ 15 ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർ നിർദേശിച്ചു. ഇക്കാരണത്താൽ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഇതുമൂലം ദമ്പതികളെ ഷോയില്‍ നിന്ന് പുറത്താക്കുകയും പ്രതിഫലം നഷ്ടപ്പെടുകയും ചെയ്തു. ഇതേതുടർന്ന് എതിർകക്ഷികൾ ചികിത്സാ ചെലവിനായി 18,650 രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു.

എതിർകക്ഷികളോട് ബസ് ടിക്കറ്റ് നിരക്ക് ഇനത്തിൽ 840 രൂപയും മാനസിക ക്ലേശം, ബുദ്ധിമുട്ടുകൾ, സാമ്പത്തിക നഷ്ടം, സേവനത്തിലെ പോരായ്മ എന്നിവയ്ക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നൽകാനും നിർദേശിച്ചു. കൂടാതെ, വ്യവഹാര ചെലവായി 10,000 രൂപ പരാതിക്കാരന് നൽകാനും കമ്മീഷൻ ഉത്തരവിട്ടു.

TAGS: KARNATAKA | COMPENSTAION
SUMMARY: Passenger compensated for the loss after bugs at private bus

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *