ചിൻമോയ് കൃഷ്ണ ദാസിന് ബംഗ്ലാദേശ് കോടതി ജാമ്യം നിഷേധിച്ചു

ചിൻമോയ് കൃഷ്ണ ദാസിന് ബംഗ്ലാദേശ് കോടതി ജാമ്യം നിഷേധിച്ചു

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലടച്ച ഹൈന്ദവ സന്യാസി ചിൻമോയ് കൃഷ്ണ ദാസിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച ബംഗ്ലാദേശിലെ കോടതി തള്ളി. 11 അഭിഭാഷകർ അടങ്ങുന്ന അഭിഭാഷക സംഘം നല്‍കിയ ജാമ്യാപേക്ഷയാണ് 30 മിനിറ്റോളം ഇരുപക്ഷത്ത് നിന്നും വാദം കേട്ട ശേഷം മെട്രോപൊളിറ്റൻ സെഷൻസ് ജഡ്ജ് എം ഡി സെയ്ഫുള്‍ ഇസ്ലാം തള്ളിയത് എന്നാണ് റിപ്പോർട്ട്.

ഒക്ടോബർ 25 ന് ചാറ്റോഗ്രാമില്‍ നടന്ന റാലിയില്‍ ബംഗ്ലാദേശ് ദേശീയ പതാകയ്ക്ക് മുകളില്‍ കാവി പതാക ഉയർത്തിനെ തുടർന്നായിരുന്നു അറസ്റ്റ്. ചിന്മയ് കൃഷ്ണ ദാസിനും 18 പേർക്കുമെതിര രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ തുടർന്ന് ബംഗ്ലാദേശില്‍ പ്രതിഷേധം ഉയർന്നിരുന്നു.

11 അഭിഭാഷകരുടെ സംഘം അദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷയില്‍ പങ്കെടുത്തതായി ബംഗ്ലാദേശ് പ്രസിദ്ധീകരണമായ ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. വ്യാജവും കെട്ടിച്ചമച്ചതുമായ കേസിലാണ് താൻ അറസ്റ്റിലായിരിക്കുന്നതെന്ന് ജാമ്യാപേക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രമേഹവും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ഹിന്ദു സന്യാസിക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബംഗ്ലാദേശ് സർക്കാരിനോട് അഭ്യർഥിച്ചു കൊണ്ട് കൊല്‍ക്കത്ത ഇസ്കോണ്‍ വൈസ് പ്രസിഡൻ്റ് രാധാ രാമൻദാസ് പ്രതികരിച്ചു. ലോകം മുഴുവൻ ഉറ്റുനോക്കുന്നുണ്ടെന്ന് തങ്ങള്‍ക്കറിയാം. ജാമ്യം നിഷേധിച്ച വാർത്ത വളരെ ദുഃഖകരമാണെന്നും പുതുവർഷത്തിലെങ്കിലും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS : LATEST NEWS
SUMMARY : Bangladesh court denied bail to Chinmoy Krishna Das

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *