ബോബി ചെമ്മണൂരിന്‍റെ അറസ്റ്റ്‌ രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കും

ബോബി ചെമ്മണൂരിന്‍റെ അറസ്റ്റ്‌ രേഖപ്പെടുത്തി നാളെ കോടതിയിൽ ഹാജരാക്കും

കൊച്ചി: ചലച്ചിത്രതാരം ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂർ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പോലീസ്‌ സ്‌റ്റേഷനിലാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകുന്നേരം 7.20യോടെ കൊച്ചിയിലെ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ബോബിയെ നാളെ കോടതിയില്‍ ഹാജരാക്കും. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു പ്രതികരിച്ചത്. എല്ലാം കോടതിയില്‍ തെളിയിക്കുമെന്നും ബോബി മാധ്യമങ്ങളോട് പറഞ്ഞു.

നടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ്‌ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തിരുന്നു. സ്ത്രീകൾക്കുനേരെ അശ്ലീല പരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്.

എറണാകുളം സെന്‍ട്രല്‍ പോലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേര്‍ന്നാണ് ഇന്നു രാവിലെ ഒന്‍പതു മണിയോടെ ബോബിയെ വയനാട്ടിലെ ഫാം ഹൗസില്‍ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ബോബിയെ മേപ്പാടിക്ക് അടുത്തുള്ള പുത്തൂര്‍വയലിലെ എആര്‍ ക്യാംപിലേക്കു സ്വകാര്യ വാഹനത്തിലാണു കൊണ്ടുപോയത്. ഒന്നര മണിക്കൂറോളം എആര്‍ ക്യാംപില്‍ ചെലവഴിച്ചശേഷം 12 മണിയോടെ പോലീസ് വാഹനത്തില്‍ എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

അടുത്തിടെ നടന്ന ഉദ്‌ഘാടന ചടങ്ങിലായിരുന്നു ബോബി ചെമ്മണൂരിന്റെ അശ്ലീല പരാമർശം. തുടർന്ന്‌ മറ്റൊരു ഉദ്‌ഘാടനത്തിന്‌ ക്ഷണിച്ചെങ്കിലും നിരസിച്ചു. ഇതോടെ തുടർച്ചയായി അഭിമുഖത്തിൽ ഉൾപ്പെടെ മോശം പരാമർശങ്ങളുണ്ടായെന്നും പരാതിയിലുണ്ട്‌.

സമൂഹമാധ്യമത്തിൽ തന്നെ അധിക്ഷേപിച്ചെന്നുകാട്ടി താരം നേരത്തേ നൽകിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്‌. ഇതിൽ കുമ്പളം നോർത്ത്‌ സതീശപുരം വീട്ടിൽ ഷാജിയെ (60) കഴിഞ്ഞദിവസം അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഹണിയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ സ്‌ത്രീവിരുദ്ധ കമന്റിട്ട മുപ്പതോളംപേർക്കെതിരെ കേസെടുത്തു. ഇവരിൽ 20 പേരെ തിരിച്ചറിഞ്ഞു. എന്നാൽ, അറസ്‌റ്റുണ്ടായതോടെ പലരും കമന്റ്‌ നീക്കി. ചിലർ നവമാധ്യമ അക്കൗണ്ടുതന്നെ നീക്കിയിട്ടുണ്ട്‌.
<BR>
TAGS : HONEY ROSE | BOBBY CHEMMANNUR
SUMMARY ; Bobby Chemmanur arrested, will be produced in court tomorrow

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *