വിവർത്തകൻ കെ.കെ. ഗംഗാധരൻ അന്തരിച്ചു

വിവർത്തകൻ കെ.കെ. ഗംഗാധരൻ അന്തരിച്ചു

ബെംഗളൂരു: പ്രമുഖ വിവര്‍ത്തകനും മലയാളിയായ കെ.കെ. ഗംഗാധരന്‍ അന്തരിച്ചു. 79 വയസായിരുന്നു. ഇന്ന് ഉച്ചയോടെ ബെംഗളൂരുവിലെ എം.എസ്.രാമയ്യ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. കരള്‍- വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സാഹിത്യ വിവര്‍ത്തനത്തിനുള്ള കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. തിരഞ്ഞെടുത്ത മലയാള ചെറുകഥകളുടെ കന്നഡ പരിഭാഷയ്ക്കാണ് പുരസ്‌കാരം. കാസറഗോഡ് ജില്ലയിലെ കാറഡുക്ക സ്വദേശിയാണ്. വര്‍ഷങ്ങളായി ബെംഗളൂരു മഗഡി റോഡിലാണ് കുടുംബ സമേതം താമസം. മലയാളത്തില്‍ നിന്ന് നിരവധി കൃതികള്‍ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

എം.ടി., ടി. പദ്മനാഭന്‍, മാധവിക്കുട്ടി എന്നിവരുടെ കഥകളാണ് കൂടുതലും കന്നഡയിലേയ്ക്ക് മൊഴിമാറ്റിയത്. ദ്രാവിഡ ഭാഷാ വിവര്‍ത്തക സംഘം മുതിര്‍ന്ന അംഗമാണ്. റെയില്‍വെയുടെ തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷം മുഴുസമയ വിവര്‍ത്തകനായി പ്രവര്‍ത്തിക്കുകയായിരുന്നു. മലയാളത്തില്‍ നിന്ന് കന്നഡയിലേയ്ക്കു മാത്രം വിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു രീതി.

ഭാര്യ: രാധ. മകന്‍: ശരത്കുമാര്‍ (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ബെംഗളൂരു). മരുമകള്‍: രേണുക. കൊച്ചുമകന്‍: അഗസ്ത്യന്‍.

അന്ത്യാഭിലാഷ പ്രകാരം മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി വിട്ടുനൽകും.

കെ.കെ ഗംഗാധരന്‍റെ നിര്യാണത്തില്‍ ദ്രാവിഡ ഭാഷാ വിവര്‍ത്തക സംഘം, ബെംഗളൂരു റൈറ്റേഴ്സ് ഫോറം എന്നിവർ അനുശോചിച്ചു,

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *