പാചകവാതക സിലണ്ടർ ചോർച്ച; മൈസൂരുവിൽ ഒരു കുടുംബത്തിലെ നാലു പേർ ശ്വാസം മുട്ടിമരിച്ചു

പാചകവാതക സിലണ്ടർ ചോർച്ച; മൈസൂരുവിൽ ഒരു കുടുംബത്തിലെ നാലു പേർ ശ്വാസം മുട്ടിമരിച്ചു

ബെംഗളൂരു: പാചകവാതക സിലിണ്ടർ ചോർച്ചയെ തുടർന്ന് മൈസൂരുവിൽ ഒരു കുടുംബത്തിലെ നാലു പേർ ശ്വാസംമുട്ടി മരിച്ചു. യാരഗനഹള്ളിയിൽ താമസിക്കുന്ന ചിക്കമഗളൂരു സ്വദേശികളായ കുമാരസ്വാമി(45), ഭാര്യ മഞ്ജുള (39), മക്കളായ അർച്ചന (19), സ്വാതി (17) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടത്. തിങ്കളാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം.

വസ്ത്രങ്ങൾ ഇസ്തിരി ഇട്ടുനൽകുന്നതാണ് ഇവരുടെ ജോലി. പാചക വാതക സിലിണ്ടർ ഉപയോഗിച്ചാണ് ഇസ്തിരിപ്പെട്ടി പ്രവർത്തിപ്പിച്ചിരുന്നത്. വീടിനകത്ത് 3 സിലിണ്ടറുകൾ ഉണ്ടായിരുന്നു.ഇതിൽ ഒന്ന് ചോർന്നത് മൂലമാണ് അപകടമുണ്ടായത് എന്നാണ് പോലീസ് സംശയിക്കുന്നത്. മുറിയിൽ വായു സഞ്ചാരം കുറവായത് അപകടത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

കുറച്ച് ദിവസംമുമ്പ് ചിക്കമഗളൂരുവിലെ ബന്ധുവീട്ടിൽപോയ കുടുംബം തിങ്കളാഴ്ച രാത്രിയാണ് മൈസൂരുവിലേക്ക് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയും ബുധനാഴ്ച രാവിലെയും ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കൾ കുമാരസ്വാമിയുടെ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. അയൽക്കാർ വീട് പരിശോധിച്ചപ്പോഴാണ് അപകടം പുറത്തറിഞ്ഞത്.

മൈസൂരു സിറ്റി പോലീസ് കമ്മിഷണർ രമേഷ് ബാനോത് ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഫോറന്‍സിക് പരിശോധന അടക്കം നടന്നുവരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കെ.ആർ. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *