ലൈംഗികാതിക്രമ കേസ്; പ്രജ്വലിനോട് ഇന്ത്യയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ട് ദേവഗൗഡ

ലൈംഗികാതിക്രമ കേസ്; പ്രജ്വലിനോട് ഇന്ത്യയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ട് ദേവഗൗഡ

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഉൾപ്പെട്ട് രാജ്യംവിട്ട എംപി പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ്. നേതാവ് എച്ച്.ഡി. ദേവഗൗഡ. ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണമെന്നും അന്വേഷണം നേരിടണമെന്നും കൊച്ചുമകൻ കൂടിയായ പ്രജ്വലിനോട് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി ലെറ്റർ ഹെഡിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രജ്വലിനോട് അപേക്ഷയല്ല, കീഴടങ്ങാനുള്ള മുന്നറിയിപ്പ് ആണ് നൽകുന്നതെന്ന് ദേവഗൗഡ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെയും ഭയക്കേണ്ട കാര്യമില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രജ്വലിനെതിരായ ലൈംഗികാരോപണ കേസിന്റെ പേരിൽ തനിക്കും കുടുംബത്തിനുംനേരെ കടുത്ത ഭാഷയിലാണ് വിമർശനം നേരിടുന്നത്. പ്രജ്വലിനെതിരായ അന്വേഷണത്തിൽ തന്റെയോ കുടുംബത്തിന്റെയോ ഭാ​ഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടാകില്ല.

60 വർഷക്കാലം തന്നോടൊപ്പം അടിയുറച്ചുനിന്ന ജനങ്ങളോടാണ് ഇപ്പോൾ കടപ്പാട്. മുന്നറിയിപ്പ് കണ്ട് പ്രവർത്തിച്ചില്ലെങ്കിൽ കടുത്ത നടപടി പ്രജ്വൽ നേരിടേണ്ടി വരുമെന്നും അദ്ദേഹം കത്തിൽ പറയുന്നു.

അതേസമയം, കർണാടക സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇന്റർപോളിനെക്കൊണ്ട് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിപ്പിക്കാനായെങ്കിലും പ്രജ്വലിനെ ഇതുവരെ തിരികെയെത്തിക്കാനായിട്ടില്ല.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *