എയ്‌റോ ഇന്ത്യയ്ക്ക് തുടക്കം; ആഗോള പ്രതിരോധ സഹകരണത്തിന് ആഹ്വാനം ചെയ്‌ത് പ്രതിരോധ മന്ത്രി

എയ്‌റോ ഇന്ത്യയ്ക്ക് തുടക്കം; ആഗോള പ്രതിരോധ സഹകരണത്തിന് ആഹ്വാനം ചെയ്‌ത് പ്രതിരോധ മന്ത്രി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യയ്ക്ക് ബെംഗളൂരുവിൽ തുടക്കമായി. വ്യോമയാന, പ്രതിരോധ മേഖലകളിൽ ഇന്ത്യയുടെ ശക്തി പ്രകടമാക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് എയർ ഷോ സംഘടിപ്പിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പരിപാടി ഉദ്ഘാടനം ചെയ്‌തു. ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും മറ്റ്‌ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

ഗവേഷണം, വികസനം, ഉത്‌പാദനം എന്നിവയിൽ ആഗോള പ്രതിരോധ സഹകരണത്തിന് രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്‌തു. എയ്‌റോസ്‌പേസ്, പ്രതിരോധ മേഖലകളിൽ ഇന്ത്യയുടെ വളർന്നുവരുന്ന ശക്തിയുടെ തെളിവാണ് എയ്‌റോ ഇന്ത്യ. പ്രതിരോധ സഹകരണം, ഗവേഷണം, ഉത്‌പാദനം എന്നിവയിൽ ശക്തമായ അന്താരാഷ്ട്ര പങ്കാളിത്തം വളർത്തിയെടുക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. വാങ്ങൽ കൊടുക്കൽ ബന്ധത്തിനപ്പുറത്തേക്ക് ആഗോള പങ്കാളിത്തങ്ങളെ വ്യാവസായിക സഹകരണത്തിന്‍റെ തലത്തിലേക്ക് ഉയർത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ രാജ്‌നാഥ് സിംഗ് പറഞ്ഞു.

മില്യൺ അവസരങ്ങളിലേക്കുളള റൺവേ എന്ന പ്രമേയത്തിലാണ് ഫെബ്രുവരി 14 വരെ നീളുന്ന മേള സംഘടിപ്പിക്കുന്നത്. പ്രതിരോധ മേഖലയിലെ ആഗോള വ്യവസായ പ്രമുഖർ, സർക്കാർ സംരംഭങ്ങൾ, സാങ്കേതിക വിദഗ്ധർ, പ്രതിരോധ തന്ത്രജ്ഞർ എന്നിവരെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യവുമായാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം എയ്റോ ഇന്ത്യ എയർ ഷോ സംഘടിപ്പിക്കുന്നത്. ബെംഗളൂരു എയർ ഷോയുടെ 15-ാമത്‌ എഡിഷനാണ് ഇന്ന് തുടങ്ങിയത്. അമേരിക്ക, ഫ്രാൻസ്, റഷ്യ, ജർമനി ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ ഫൈറ്റർ ജെറ്റുകൾ വ്യോമാഭ്യാസ പ്രകടനത്തിൽ മാറ്റുരക്കുന്നുണ്ട്.

 

TAGS: AERO INDIA
SUMMARY: Aero India kickstarts in BENGALURU today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *