റീന കൊലക്കേസ്; പ്രതി ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്

റീന കൊലക്കേസ്; പ്രതി ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട റീന കൊലക്കേസില്‍ പ്രതി ഭര്‍ത്താവ് മനോജിന് ജീവപര്യന്തം കഠിനതടവ്. 2 ലക്ഷം രൂപ പിഴയും കൊടുക്കണം. ഇത് സാക്ഷികളായ മക്കള്‍ക്ക് നല്‍കാനും കോടതി ഉത്തരവ്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി പി ജയകൃഷ്ണന്‍ ആണ് ശിക്ഷ വിധിച്ചത്.

2014 ഡിസംബര്‍ 28നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പൂഴിക്കുന്ന് സ്വദേശിയായ റീനയെ മക്കളുടെ മുന്നിലിട്ടാണ് മനോജ് കൊലപ്പെടുത്തിയത്. സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. മനോജ് ആദ്യം ഇഷ്ടികകൊണ്ട് റീനയുടെ തലയ്ക്കടിക്കുകയായിരുന്നു.

പിന്നാലെ ഇയാള്‍ റീനയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. ഇതോടെ പുറത്തേക്കോടിയ റീനയുടെ തലയില്‍ മനോജ് ജാക്കി ലിവറുകൊണ്ട് അടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് അവശനിലയിലായ റീനയുടെ തല ഓട്ടോറിക്ഷയില്‍ പിടിച്ചിടിച്ചും ആണ് മനോജ് കൊലനടത്തിയത്.

റീനയുടെ സ്ഥലംവിറ്റ പണം കൊണ്ട് അമ്മ വെച്ചുകൊടുത്ത പുതിയ വീട്ടില്‍വെച്ചായിരുന്നു അരുംകൊല നടന്നത്. ആദ്യം മക്കളെ പ്രതി വശത്താക്കി അനുകൂല മൊഴി കൊടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടികളെ വീട്ടില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് മക്കള്‍ വിചാരണയില്‍ കൃത്യമായി പ്രതിക്കെതിരെ മൊഴി നല്‍കി.

കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ പ്രതി മറ്റൊരു വിവാഹം കഴിച്ച്‌ കൊല നടത്തിയ വീട്ടില്‍ തന്നെ യാതൊരു കുറ്റബോധവുമില്ലാതെ താമസിച്ചുവരികയായിരുന്നു. കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയിരുന്നു. റാന്നി പോലീസായിരുന്നു കേസ് അന്വേഷിച്ചത്. പ്രതിക്കെതിരെ കൊലപാതകം, തടഞ്ഞുവെയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി നിരീക്ഷിച്ചിരുന്നു.

TAGS : CRIME
SUMMARY : Reena murder case; Accused husband Manoj sentenced to life imprisonment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *