കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യൻ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യൻ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’

പാരീസ്‌: കാന്‍ ചലച്ചിത്ര മേളയുടെ 77–-ാം പതിപ്പില്‍ രണ്ടാമത്തെ വലിയ പുരസ്‌കാരമായ ഗ്രാന്‍ പ്രീ പുരസ്‌കാരം നേടി പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫെസ്റ്റിവല്‍ വേദിയിലേക്കെത്തുന്നത്. പായല്‍ കപാഡിയയുടെ ആദ്യ സംരംഭമായ ചിത്രത്തില്‍ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. വ്യാഴം രാത്രി മേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന്‌ വൻ സ്വീകാര്യത ലഭിച്ചിരുന്നു. അന്താരാഷ്‌ട്ര നിരൂപകരുൾപ്പെടെ കപാഡിയയുടെ കഥപറച്ചിൽ വൈദഗ്ധ്യത്തെ പ്രശംസിച്ചു. 80 ശതമാനവും മലയാളഭാഷയിലുള്ള ചിത്രത്തില്‍ അസീസ് നെടുമങ്ങാടും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ പൂര്‍വ വിദ്യാര്‍ഥിയായ പായല്‍ കപാഡിയയുടെ ഡോക്യുമെന്ററി ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്ങി’ന് 2021-ല്‍ കാനിലെ ‘ഗോള്‍ഡന്‍ ഐ’ പുരസ്‌കാരം ലഭിച്ചിരുന്നു.

അമേരിക്കൻ സംവിധായകൻ സീൻ ബേക്കർ ഒരുക്കിയ ‘അനോറ’ മേളയിലെ പരമോന്നത പുരസ്‌കാരമായ പാംദോർ സ്വന്തമാക്കി. ഗ്രാൻഡ്‌ ടൂർ ഒരുക്കിയ മിഗ്വേൽ ഗോമസാണ്‌ മികച്ച സംവിധായകൻ. കർല സോഫിയ ഗാസ്‌കോൻ, സലീന ഗോംസ്‌, സോ സാൽഡ്‌ന, അഡ്രിയാന പാസ്‌ എന്നിവർ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. ജെസ്‌ പ്ലെമൻസാണ്‌ മികച്ച നടൻ. മേളയിലെ മികച്ച ഹ്രസ്വചിത്രത്തിനുള്ള ലാ സിനിഫ്‌ പുരസ്‌കാരം ഇന്ത്യൻ ചിത്രമായ ‘സൺഫ്ലവേഴ്‌സ്‌ വേർ ദി ഫസ്റ്റ്‌ വൺസ്‌ ടു നോ’യ്ക്ക്‌ ലഭിച്ചിരുന്നു. പുണെ എഫ്‌ടിഐഐ വിദ്യാർഥിയായ ചിദാനന്ദ്‌ നായ്ക്കാണ്‌ സംവിധായകൻ. ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്നുള്ള മന്‍സി മഹേശ്വരി സംവിധാനം ചെയ്ത ബണ്ണിഹുഡ് എന്ന ബ്രിട്ടീഷ്‌ ചിത്രത്തിനും പുരസ്‌കാരമുണ്ട്‌. 14ന്‌ ആരംഭിച്ച മേള ശനിയാഴ്‌ച സമാപിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *