കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 300 കോടി രൂപകൂടി; കെ.എൻ. ബാലഗോപാല്‍

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 300 കോടി രൂപകൂടി; കെ.എൻ. ബാലഗോപാല്‍

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്‌)ക്ക്‌ 300 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. 978.54 കോടി രൂപയാണ്‌ ഈ സാമ്പത്തിക വർഷം ഇതുവരെ പദ്ധതിക്കായി നല്‍കിയത്‌. ബജറ്റിലെ വകയിരുത്തല്‍ 679 കോടിയും. രണ്ടാം പിണറായി സർക്കാർ 4267 കോടിയോളം രൂപ കാസ്‌പിനായി ലഭ്യമാക്കി.

അടുത്ത സാമ്പത്തിക വർഷത്തേയ്‌ക്കുള്ള ബജറ്റില്‍ 700 കോടി രൂപയും വകിയിരുത്തിയിട്ടുണ്ട്‌. ഒരു കുടുംബത്തിന്‌ പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്‌പില്‍ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങള്‍ക്കാണ്‌ സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്‌. സ്‌റ്റേറ്റ്‌ ഹെല്‍ത്ത്‌ ഏജൻസിക്കാണ്‌ നടത്തിപ്പ്‌ ചുമതല. 1050 രുപ ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്‌.

18.02 ലക്ഷം കുടുംബത്തിന്റെ പ്രീമിയം പൂർണമായും സംസ്ഥാനമാണ് വഹിക്കുന്നത്. 23.97 ലക്ഷം കുടുംബത്തിന്റെ വാർഷിക പ്രീമിയത്തില്‍ 418.80 രൂപയും സംസ്ഥാനം വഹിക്കുന്നു. ഇത്രയും കുടുംബത്തിന്റെ പ്രീമിയത്തിന്റെ ബാക്കി ഭാഗമാണ്‌ കേന്ദ്ര വിഹിതമുള്ളതെന്നും മന്ത്രി പറ‍ഞ്ഞു. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ നോക്കാതെയാണ്‌ പദ്ധതിയില്‍ അംഗത്വം നല്‍കുന്നത്‌.

ഒരു കുടുംബത്തിലെ മുഴുവൻ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. ഇതിന്‌ മുൻഗണനാ മാനദണ്ഡങ്ങള്‍ ഒന്നുമില്ല. അംഗത്വം നേടുന്നതിന്‌ ഒരുവിധ ഫീസും ഈടാക്കുന്നില്ല. സേവനം പൂർണമായും സൗജന്യമാണ്‌. 197 സർക്കാർ ആശുപത്രികളും, നാല്‌ കേന്ദ്ര സർക്കാർ ആശുപത്രികളിലും 364 സ്വകാര്യ ആശുപത്രികളിലുമായി കേരളത്തിലുടനീളം നിലവില്‍ പദ്ധതിയുടെ സേവനം ലഭ്യമാണ്.

സർക്കാർ, സ്വകാര്യ ആശുപത്രി എന്ന പരിഗണനയില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍നിന്നും പണം ഈടാക്കാതെ ചികിത്സ ലഭിക്കും. മരുന്നുകള്‍, അനുബന്ധ വസ്തുക്കള്‍, പരിശോധനകള്‍, ഡോക്ടറുടെ ഫീസ്, ഓപ്പറേഷൻ തീയറ്റർ ചാർജുകള്‍, ഐസിയു ചാർജ്, ഇംപ്ലാന്റ് ചാർജുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

25 സ്പെഷ്യാലിറ്റികളിലായി 1667 പാക്കേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സർക്കാർ വിഭാനം ചെയ്ത 89 പാക്കേജുകളില്‍നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. പാക്കേജുകളില്‍ ഉള്‍പ്പെടുത്താത്ത ചികിത്സകള്‍ക്കായി അണ്‍സ്‌പെസിഫൈഡ് പാക്കേജുകള്‍ ഉപയോഗിക്കാം.

ചികിത്സക്ക് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതിനു മൂന്നുദിവസം മുമ്പുമുതലുള്ള ചികിത്സ സംബന്ധമായ ചെലവും ആശുപത്രിവാസത്തിനുശേഷമുള്ള 15 ദിവസത്തെ ചികിത്സക്കുള്ള മരുന്നുകളും (ഡോക്ടറുടെ നിർദേശപ്രകാരം) പദ്ധതിയിലൂടെ നല്‍കുന്നു.

TAGS : K N BALAGOPAL
SUMMARY : Rs 300 crore more for Karunya Health and Safety Scheme; K.N. Balagopal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *