നിമിഷപ്രിയയുടെ മോചനം; ഹൂതി ഗ്രൂപ്പ് പ്രതിനിധിയുമായി ചര്‍ച്ച നടത്തി ഇറാന്‍

നിമിഷപ്രിയയുടെ മോചനം; ഹൂതി ഗ്രൂപ്പ് പ്രതിനിധിയുമായി ചര്‍ച്ച നടത്തി ഇറാന്‍

മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച നടത്തി. ഹൂതി നേതാവ് അബ്ദുല്‍ സലാമുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് സംസാരിച്ചത്. മസ്‌കറ്റില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച ചെയ്തത്.

നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചര്‍ച്ചയായെന്ന് ഇറാന്‍ വിദേശകാര്യമന്ത്രിയാണ് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ കഴിയുന്നത് ചെയ്യാം എന്നാണ് ഹൂതി നേതാവ് മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. യെമനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുമ്പ് അറിയിച്ചിരുന്നു. യെമനിലെ കൂടുതല്‍ മേഖലയും ഹൂതികളുടെ നിയന്ത്രണത്തിലായതിനാലാണ് ചര്‍ച്ചകള്‍ക്ക് ഇറാന്റെ സഹായം ഇന്ത്യ തേടിയത്.

കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തിന് ദയാധനം നല്‍കി മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ അമ്മ നിലവില്‍ യമനില്‍ തങ്ങുകയാണ്. നിമിഷ പ്രിയയുടെ മോചനം കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ചര്‍ച്ചയായിരുന്നു. യമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം ജോണ്‍ ബ്രിട്ടാസ് എംപിയാണ് രാജ്യസഭയില്‍ ഉന്നയിച്ചത്.

നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് കേന്ദ്ര മന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് മറുപടി നല്‍കിയിരുന്നു. ഇനിയുള്ള നടപടികള്‍ക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞിരുന്നു.

2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

TAGS : NIMISHA PRIYA
SUMMARY : Nimishapriya’s release; Iran holds talks with Houthi group representative

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *