മത വിദ്വേഷ പരാമർശം; പി സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

മത വിദ്വേഷ പരാമർശം; പി സി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

കോട്ടയം: വിദ്വേഷ പരാമർശത്തിൽ ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ തീരുമാനം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. തുടർന്ന് ഈരാറ്റുപേട്ട പോലീസ് ഇതനുസരിച്ച് നടപടികൾ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രണ്ട് മണിക്ക് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ട്  പോലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ ഈ സമയം ജോർജ് വീട്ടിലുണ്ടായിരുന്നില്ല. മകൻ ഷോൺ ജോർജാണ് നോട്ടീസ് കൈപ്പറ്റിയതെന്നാണ് റിപ്പോർട്ടുകൾ.

ചാനൽ ചർച്ചയിൽ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഹർജി കോടതി തള്ളിയിരുന്നു. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്.

ഇതേ തുടര്‍ന്ന് പി.സി നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം അഡീഷനൽ സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളുകയായിരുന്നു.  74 വയസ്സായെന്നും 30 വർഷമായി ജനപ്രതിനിധിയായിരുന്നുവെന്നും മുൻകൂർ ജാമ്യഹരജിയിൽ പി.സി ജോർജ് ചൂണ്ടിക്കാട്ടിയിരുന്നു.

30 വർഷം എം എൽ എയായിരുന്നിട്ടും പ്രകോപനത്തിന് എളുപ്പത്തിൽ വശംവദനാകുന്ന പി സി ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹൈക്കോടതി ഹർജി തള്ളിയത്. രാഷ്ട്രീയ നേതാവ് സമൂഹത്തിന്റെ റോൾ മോഡലാകേണ്ടവരാണെന്നും കോടതി പറഞ്ഞു.
<br>
TAGS ; PC GEORGE | HATE SPEECH
SUMMARY : Religious hate speech; PC George may be arrested soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *