ബെംഗളൂരുവിൽ കോൺഗ്രസ് നേതാവിനെ അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തി
ഹൈദർ അലി

ബെംഗളൂരുവിൽ കോൺഗ്രസ് നേതാവിനെ അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവില്‍ കോൺഗ്രസ് നേതാവിനെ അക്രമികള്‍ ക്രൂരമായി കൊലപ്പെടുത്തി. അശോക് നഗറിലെ ഗരുഡ മാളിന് സമീപത്താണ് സംഭവം നടന്നത്. അനെപാല്യ സ്വദേശി ഹൈദർ അലിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ലൈവ് ബാൻഡ് പരിപാടിയിൽ പങ്കെടുത്ത ശേഷം ഹൈദർ അലി ഒരു സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മറ്റൊരു വാഹനത്തില്‍ അവരെ പിന്തുടർന്ന അക്രമികൾ ഹൈദർ അലിയെ പതിയിരുന്ന് ആക്രമിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

വിവരം ലഭിച്ചയുടൻ അശോക് നഗർ പോലീസ് സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ ഹൈദർ അലിയെ ഉടൻ തന്നെ ശിവജി നഗര്‍ ബൗറിംഗ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഹൈദർ അലിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനും ആക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്‌. ഇദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് അലിയുടെ അനുയായികൾ ആയുധങ്ങളുമായി ആശുപത്രിയിലേക്ക് എത്തുകയും ഗേറ്റ് തകർക്കുകയും ചെയ്തു. പിന്നീട് അശോക് നഗർ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായതെന്ന് സെൻട്രൽ ഡിവിഷൻ ഡി.സി.പി എച്ച്.ടി ശേഖർ പറഞ്ഞു. അലിയുടെ വാഹനം കാർ ഉപയോഗിച്ച് അക്രമികൾ തടയുകയായിരുന്നു. തുടർന്നാണ് ക്രൂരമായ കൊലപാതകം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് എം.എൽ.എ എൻ. എ ഹാരിസിന്റെ അടുത്ത അനുയായി ആണ് ഹൈദർ അലി. ഹാരിസിന് വേണ്ടി ഹൈദർ അലി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്.

അശോക് നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകം അന്വേഷിക്കുന്നതിനും പ്രതികളെ പിടികൂടുന്നതിനുമായി ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
<BR>
TAGS : CRIME NEWS
SUMMARY : Congress leader brutally murdered by assailants in Bengaluru

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *