ഡ്രൈവർക്ക് മർദനം; കർണാടകയിലേക്കുള്ള ബസ് സർവീസ് നിർത്തിവെച്ച് മഹാരാഷ്ട്ര

ഡ്രൈവർക്ക് മർദനം; കർണാടകയിലേക്കുള്ള ബസ് സർവീസ് നിർത്തിവെച്ച് മഹാരാഷ്ട്ര

ബെംഗളൂരു: മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എംഎസ്ആർടിസി) ബസ് ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് കർണാടകയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക്. ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിന് നേരെ വെള്ളിയാഴ്ച രാത്രി ചിത്രദുർഗയിൽ വെച്ച് കന്നഡ അനുകൂല പ്രവർത്തകരുടെ ആക്രമണം നടന്നതായി ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

ബസ് ഡ്രൈവറായ ഭാസ്‌കർ ജാദവിന്റെ മുഖത്ത് കന്നഡ അനുകൂല പ്രവർത്തകർ കറുപ്പ് മഷി തേക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ബസ് സർവീസുകൾ പുനരാരംഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബെളഗാവിയിൽ കർണാടക ആർടിസി ബസ് കണ്ടക്ടറെ ആക്രമിച്ച സംഭവത്തിന്റെ തുടർച്ചയായാണിത്.

ബസിൽ കയറിയ പെൺകുട്ടി ടിക്കറ്റ് വാങ്ങുന്നതിനിടെ കണ്ടക്ടറോട് കന്നഡ സംസാരിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിലാണ് കണ്ടക്ടർ ആക്രമിക്കപ്പെട്ടത്. കണ്ടക്ടറെ മർദിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ചിത്രദുർഗയിൽ മഹാരാഷ്ട്ര ആർടിസിയുടെ ബസ് തടഞ്ഞുനിർത്തി ഡ്രൈവറുടെ മുഖത്ത് മഷിപുരട്ടുകയായിരുന്നു. നിലവിൽ കർണാടകയിൽ നിന്നും മഹാരാഷ്ട്രയിലേക്കുള്ള ബസ് സർവീസുകളും കുറച്ചിട്ടുണ്ട്.

TAGS: KARNATAKA
SUMMARY: Maharashtra stops bus services to Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *