ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽപെട്ടു; 12 പേർക്ക് പരുക്ക്

ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽപെട്ടു; 12 പേർക്ക് പരുക്ക്

ലണ്ടൻ: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ ആകാശത്ത് മറ്റൊരു അപകടം കൂടി. ദോഹയിൽ നിന്ന് അയർലണ്ടിലെ ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്‌സ് വിമാനം ആകാശചുഴിയിൽപെട്ട്  12 പേർക്ക് പരുക്കേറ്റു. ബോയിംഗ് 787 ഡ്രീംലൈനർ ക്യുആർ 017 വിമാനമാണ് എയർ ടർബുലൻസിൽ അകപ്പെട്ടത്. വിമാനം സുരക്ഷിതമായി പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് ഡബ്ലിനിൽ ഇറങ്ങിയതായി ഡബ്ലിൻ എയർപോർട്ട് അറിയിച്ചു.

തുർക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം എയർ ടർബുലൻസിൽ അകപ്പെട്ടത്. പരിക്കേറ്റവരിൽ ആറുപേർ യാത്രക്കാരും മറ്റുളളവർ എയർലൈൻസ് ജീവനക്കാരുമാണ്. വിമാനം ലാൻഡ് ചെയ്യുന്നതിന് മുന്നോടിയായി എല്ലാ അടിയന്തിര സംവിധാനങ്ങളും ഒരുക്കിയിരുന്നു. ആരുടെയും പരിക്ക് സാരമല്ലെന്ന് എയർലൈൻസ് അറിയിച്ചു. അപകടത്തെപറ്റി ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും അറിയിച്ചു. മോശം കാലവസ്ഥയാണ് തുർക്കിക്ക് മുകളിൽ എയർ ടർബുലൻസിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.

ചൊവ്വാഴ്ച ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശചുഴിയിൽ പെട്ട് 104 യാത്രക്കാർക്ക് പരിക്കേൽക്കുകയും ഹൃദ്രോഗിയായ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. സിംഗപ്പൂർ എയർലൈൻസ് ചൊവ്വാഴ്ച 37,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾക്കകം 6000 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. തുടർന്ന് വിമാനം ബാങ്കോക്കിലേക്ക് തിരിച്ചുവിട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *