കെഎസ്‌യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ല്; നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു

കെഎസ്‌യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ല്; നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കെഎസ്‌യു ക്യാമ്പില്‍ നടന്ന കൂട്ടത്തല്ലിൽ നടപടിയെടുത്ത് ദേശീയ നേതൃത്വം. തിരുവനന്തപുരം ജില്ല വൈസ് പ്രസിഡണ്ട് അല്‍ അമീന്‍ അഷ്‌റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ജെറിന്‍ ആര്യനാട്, ദൃശ്യങ്ങള്‍ പുറത്ത് വിട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോര്‍ജ് ടിജോ എന്നിവരടക്കം നാല് പേരെ സംഘടനയില്‍നിന്ന് എന്‍എസ്‌യു സസ്‌പെന്‍ഡ് ചെയ്തു. കെഎസ്‌യു ക്യാമ്പിലെ തമ്മില്‍ത്തല്ലില്‍ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്ന് കെപിസിസി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സംഭവത്തില്‍ കെഎസ്‌യു നേതൃത്വത്തിന് വീഴ്ചയെന്നും കമ്മീഷന്റെ കണ്ടെത്തലുണ്ട്. തമ്മില്‍ത്തല്ല് ഉണ്ടായെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചു. കെപിസിസിയുമായി കൂടിയാലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെഎസ്‌യു ഭാവി പരിപാടികളില്‍ കെപിസിസിയുടെ നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ അച്ചടക്ക നടപടി.

നെയ്യാര്‍ ഡാമില്‍ നടന്ന മേഖലാ ക്യാമ്പിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. വാക്ക് തര്‍ക്കവും അഭിപ്രായ വ്യത്യാസവുമാണ് സംഘര്‍ഷത്തിന് കാരണം. ശനിയാഴ്ച്ച രാത്രിയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നേതാക്കള്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. കെഎസ്യു പ്രവര്‍ത്തകരല്ലാത്ത രണ്ടുപേര്‍ ക്യാമ്പിലേക്ക് എത്തിയെന്നും സൂചനയുണ്ട്. ഇടുക്കിയില്‍ നടന്ന കെ.എസ്.യു നേതൃക്യാമ്പില്‍ കെപിസിസി നേതൃത്വത്തിനും അധ്യക്ഷനുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്. ക്യാമ്പ് തുടങ്ങിയ ദിവസം മുതല്‍ അലങ്കോലപ്പെടുത്താനുള്ള ശ്രമം ഒരു വിഭാഗം നടത്തിയെന്നും ചിലര്‍ ആരോപിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *