ഗായിക ആൻജി സ്റ്റോണ്‍ വാഹനാപകടത്തില്‍ മരിച്ചു

ഗായിക ആൻജി സ്റ്റോണ്‍ വാഹനാപകടത്തില്‍ മരിച്ചു

ഗായിക ആൻജി സ്റ്റോണ്‍ വാഹനാപകടത്തില്‍ മരിച്ചു.’ദ് ആര്‍ട്ട് ഓഫ് ലൗ ആന്റ് വാര്‍, ‘വിഷ് ഐ ഡിഡ് നോട്ട് മിസ് യു’ തുടങ്ങിയ ഹിറ്റുകളിലൂടെ പ്രശസ്തയായ ഗായികയും അഭിനേത്രിയുമാണ് ആന്‍ജി സ്റ്റോണ്‍. അലബാമയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം. അറ്റ്‌ലാന്റയില്‍ ഒരു സംഗീത പരിപാടി അവതരിപ്പിക്കാന്‍ ഗായകസംഘത്തോടൊപ്പം വാനില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.

മകള്‍ ഡയമണ്ട് സ്റ്റോണാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. 1961 ഡിസംബര്‍ 18 ന് സൗത്ത് കരോലിനയിലെ കൊളംബിയയിലാണ് ആന്‍ജി സ്റ്റോണ്‍ ജനിച്ചത്. ക്രിസ്തീയ ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചാണ് കലാരംഗത്തെത്തുന്നത്. പിന്നീട് സ്‌കൂള്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ‘ദ് സീക്വന്‍സ്’ എന്ന സംഗീത ബാന്‍ഡ് ആരംഭിച്ചത്. ‘ദ് ഫങ്ക് അപ്പ്’ എന്ന ആല്‍ബത്തിലൂടെയാണ് പ്രശസ്തി നേടുന്നത്. ‘ബ്ലാക്ക് ഡയമണ്ട്’ എന്ന ആല്‍ബത്തിലൂടെയാണ് സോളോ ഗായികയാകുന്നത്.

‘സ്റ്റോണ്‍ ലൗ’, ‘ദ് ആര്‍ട്ട് ഓഫ് ലൗ ആന്റ് വാര്‍’, ‘അണ്‍എക്‌സ്‌പെക്ടഡ്’, ‘റിച്ച്‌ ഗേള്‍’, ‘ദ് സര്‍ക്കിള്‍’, ‘ലൗ ലാംഗ്വേജ്’ തുടങ്ങിയവയാണ് പ്രധാന ആല്‍ബങ്ങള്‍. ‘ദ് ഹോട്ട് ചിക്സ് പാസ്റ്റര്‍ ബ്രൗണ്‍’, ‘ഡ്രീംസ്’ തുടങ്ങിയ സിനിമകളിലും ‘ഗേള്‍ഫ്രണ്ട്‌സ്’, ‘വണ്‍ ഓണ്‍ വണ്‍’, ‘സെലബ്രിറ്റി വൈഫ് സ്വാപ്പ്’ തുടങ്ങിയ സീരീസുകളിലും വേഷമിട്ടു.

1984-ല്‍ സഹപ്രവര്‍ത്തകനായ റോഡ്‌നി സ്റ്റോണിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ജനിച്ച മകളാണ് ഡയമണ്ട് സ്റ്റോണ്‍. മകളുടെ ജനനത്തിന് ശേഷം റോഡിനി സ്റ്റോണുമായി വേര്‍പിരിഞ്ഞു. 1990-ല്‍ ഗായകന്‍ ഡി ആഞ്‌ലോയുമായി ആന്‍ജി സ്റ്റോണ്‍ പ്രണയത്തിലായി.

ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. മൂന്ന് തവണ ഗ്രാമി പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ച ഗായികയാണ് ആന്‍ജി സ്റ്റോണ്‍. 2004 ല്‍ ‘സ്റ്റോണ്‍ ആന്റ് ലൗ’ എന്ന ആല്‍ബത്തിന് എഡിസണ്‍ പുരസ്‌കാരം സ്വന്തമാക്കി.

TAGS : LATEST NEWS
SUMMARY : Singer Angie Stone dies in car accident

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *