ചന്നഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; കേസ് സിഐഡിക്ക് കൈമാറി

ചന്നഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; കേസ് സിഐഡിക്ക് കൈമാറി

ബെംഗളൂരു: ചന്നഗിരി പോലീസ് സ്റ്റേഷൻ ആക്രമണ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് (സിഐഡി) ഏറ്റെടുത്തു. ഡെപ്യൂട്ടി എസ്പി കനകലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സിഐഡി സംഘം പരുക്കേറ്റ പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച അക്രമം നടന്ന സമയത്ത് പോലീസ് സ്‌റ്റേഷനിലെത്തിയ മറ്റുള്ളവരെയും സിഐഡി ചോദ്യം ചെയ്യുന്നുണ്ട്.

ചൂതുകളി കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ആദിൽ (30) കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെയാണ് ആള്‍ക്കൂട്ടം ചന്നഗിരി ടൗൺ പോലീസ് സ്‌റ്റേഷന്‍ കത്തിച്ചത്. യുവാവിന്റെ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന സംഘമാണ് ശനിയാഴ്ച സ്റ്റേഷന് നേരെ കല്ലെറിയുകയും, തീവെക്കുകയും ചെയ്തത്.

ചൂതുകളിയുമായി ബന്ധപ്പെട്ട് ആദിലിനെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഇയാള്‍ മരണപ്പെടുകയായിരുന്നു. യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞെങ്കിലും മരണ വാര്‍ത്ത അറിഞ്ഞതോടെ ആള്‍ക്കൂട്ടം രോഷാകുലരായി സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.

ആദിൽ കസ്റ്റഡിയില്‍ മര്‍ദനമേറ്റ്‌ മരിച്ചുവെന്ന് ആരോപിച്ച് സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം പോലീസ് സ്‌റ്റേഷന് നേരെ ആദ്യം കല്ലേറ് നടത്തുകയാണുണ്ടായത്. പിന്നീട് സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ നശിപ്പിക്കുകയും തീവെക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആക്രമണവുമായി ബന്ധപ്പെട്ട് 30-ലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 55 പേരാണ് ഇതുവരെ അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ 25 പേരെ ഞായറാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. മുൻകരുതൽ നടപടിയെന്ന നിലയിൽ ഇവരെ തിങ്കളാഴ്ച വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി. അതേസമയം, കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ആഭ്യന്തരമന്ത്രി ജി.പരമേശ്വരയുടെയും നിർദേശപ്രകാരം ചന്നഗിരി ഡെപ്യൂട്ടി എസ്പി പ്രശാന്ത് മൂന്നോളി, സർക്കിൾ പൊലീസ് ഇൻസ്പെക്ടർ നിരഞ്ജൻ ബി, സബ് ഇൻസ്പെക്ടർ അക്തർ എന്നിവരെ സസ്പെൻഡ് ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *