പരുന്തുംപാറയില്‍ കുരിശ് സ്ഥാപിച്ച ആള്‍ക്കെതിരെ കേസെടുത്ത് പോലീസ്

പരുന്തുംപാറയില്‍ കുരിശ് സ്ഥാപിച്ച ആള്‍ക്കെതിരെ കേസെടുത്ത് പോലീസ്

ഇടുക്കി: ഇടുക്കിയിലെ പരുന്തുംപാറയില്‍ കൈയേറ്റ ഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ കുരിശ് സ്ഥാപിച്ച ആള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സജിത് ജോസഫ് പണിത റിസോര്‍ട്ടിനോട് ചേര്‍ന്നാണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ നിരോധനാജ്ഞ ലംഘിച് നിര്‍മാണം നടത്തിയതിനാണ് സജിത് ജോസഫിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു.

കയ്യേറ്റ ഭൂമിയിലെ കുരിശ് ഇന്നലെ റവന്യൂ സംഘം പൊളിച്ച് നീക്കിയിരുന്നു.. പോലീസ് സുരക്ഷയിൽ മൂന്നുമണിക്കൂറോളമെടുത്താണ് പൊളിച്ചു മാറ്റിയത്. മറ്റൊരു സ്ഥലത്തുവച്ച് നിർമ്മിച്ച കുരിശ് വെള്ളിയാഴ്ചയാണ് തേയിലത്തോട്ടത്തിന് നടുവിലെ കൈയേറ്റഭൂമിയിൽ സ്ഥാപിച്ചത്. ശനിയും ഞായറും അവധിയാണെന്നത് മുന്നിൽക്കണ്ടായിരുന്നു ഇത്.

പരുന്തുംപാറയിൽ 3.31 ഏക്കർ സർക്കാർ ഭൂമി സജിത്ത് ജോസഫ് കൈയേറി റിസോർട്ട് നിർമ്മിച്ചതായി കണ്ടെത്തി നേരത്തെ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ ഫെബ്രുവരി 27ന് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. തുടർന്ന് കൈയേറ്റം ഒഴിപ്പിക്കുന്നതിനായി കളക്ടർ വി.വിഗ്‌നേശ്വരി പീരുമേട് താലൂക്കിൽ രണ്ടുമാസം നിരോധനാജ്ഞ പുറപ്പെടുവിച്ചു. കൈയേറ്റം ഒഴിപ്പിക്കാൻ ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘത്തെയും നിയോഗിച്ചു. കൈയേറ്റക്കാർക്ക് സ്റ്റോപ്പ് മെമ്മോയും നൽകി. ഇത് അവഗണിച്ചായിരുന്നു കുരിശ് സ്ഥാപിച്ചത്.

പരുന്തുംപാറയിലെ കയ്യേറ്റത്തിൽ അന്വേഷണ പുരോഗതി കലക്ടർ വിലയിരുത്തണമെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും റവന്യൂ മന്ത്രി കെ.രാജന്‍ നിർദേശം നല്‍കിയിട്ടുണ്ട്. നടപടികളുടെ ഭാഗമായി കയ്യേറ്റ പ്രദേശങ്ങളിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വേ വകുപ്പ് ഡിജിറ്റല്‍ സര്‍വേ തുടങ്ങും. മഞ്ജുമല, പീരുമേട് എന്നീ വില്ലേജുകളിലാണ് സര്‍വേ. മേഖലയിലെ സര്‍ക്കാര്‍ ഭൂമിയും അളന്ന് തിട്ടപ്പെടുത്തും. ജില്ലാ കളക്ടര്‍ നിയോഗിച്ച 15 അംഗ സംഘം രേഖകളുടെ പരിശോധനയും തുടങ്ങും.
<BR>
TAGS : PERUMEDU | ENCROACHMENT
SUMMARY : Police registered a case against the person who installed the cross at Parunthumpara

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *