കളമശ്ശേരി ലഹരി വേട്ട: പ്രതികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്കും സസ്‌പെൻഷൻ

കളമശ്ശേരി ലഹരി വേട്ട: പ്രതികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്കും സസ്‌പെൻഷൻ

കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് വൻതോതില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്ന് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. അറസ്റ്റിലായ ആകാശ്, അഭിരാജ്, ആദിത്യൻ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ വെള്ളിയാഴ്ച ചേർന്ന കൗണ്‍സില്‍ യോഗത്തിലാണ് മൂന്ന് പേരെയും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.

അതേസമയം അറസ്റ്റിലായ മൂന്ന് പേരും മൂന്നാംവർഷ വിദ്യാർഥികളായതിനാല്‍ മൂന്ന് പേരെയും പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും കോളേജ് പ്രിൻസിപ്പല്‍ വ്യക്തമാക്കി. കുളത്തൂപ്പുഴ സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്ന് 1.9 കിലോ ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി സ്വദേശി ആർ. അഭിരാജ്, ഹരിപ്പാട് സ്വദേശി ആദിത്യൻ എന്നിവരുടെ മുറിയില്‍ നിന്നും ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി. ഇരുവരേയും അറസ്റ്റുചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.

കേസില്‍ അറസ്റ്റിലായ അഭിരാജ് എസ്‌എഫ്‌ഐ നേതാവും യൂണിയൻ ജനറല്‍ സെക്രട്ടറിയുമാണ്. പൂർവ വിദ്യാർഥികളാരോ തങ്ങളെ കുടുക്കാനായി മുറിയില്‍ കഞ്ചാവ് കൊണ്ടുവെച്ചതാണെന്നാണ് അഭിരാജ് പോലീസിന് നല്‍കിയ മൊഴി. ഹോളി ആഘോഷത്തിനായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവാണ് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടികൂടിയത്. ഹോസ്റ്റലിലെ അലമാരയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.

കഞ്ചാവിന് പുറമേ മദ്യക്കുപ്പികള്‍, ഗർഭനിരോധന ഉറകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളെ മാത്രം ലക്ഷ്യം വെച്ചാണോ കഞ്ചാവ് എത്തിച്ചത് എന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു. പോളിടെക്‌നിക് നില്‍ക്കുന്ന എച്ച്‌എംടി ജംഗ്ഷ്‌നിലും പരിസര പ്രദേശങ്ങളിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. ഇവിടെയുള്ള വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടാണോ ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് എന്നടക്കം അന്വേഷിക്കേണ്ടതുണ്ടെന്നും പോലീസ് പറയുന്നു.

TAGS : LATEST NEWS
SUMMARY : Kalamassery drug bust: Three accused students suspended

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *