ഗസ്റ്റ് അധ്യാപക നിയമനത്തിന് സ്വകാര്യ ഏജൻസി; തീരുമാനം പിൻവലിച്ച് ബിബിഎംപി

ഗസ്റ്റ് അധ്യാപക നിയമനത്തിന് സ്വകാര്യ ഏജൻസി; തീരുമാനം പിൻവലിച്ച് ബിബിഎംപി

ബെംഗളൂരു: ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് സ്വകാര്യ സെക്യൂരിറ്റി, ഡിറ്റക്ടീവ് ഏജൻസികളെ ചുമതലപ്പെടുത്തിയ തീരുമാനം പിൻവലിച്ച് ബിബിഎംപി. എതിർപ്പുകൾ ഉയർന്നതോടെയാണ് നടപടി.

2023-2024 അധ്യയന വർഷത്തേക്ക് സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിന് ടെൻഡർ നൽകിയ മൂന്ന് സ്വകാര്യ സുരക്ഷാ ഏജൻസികളെ ഈ വർഷവും പരിഗണിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞിരുന്നു. ബിബിഎംപി സ്കൂളുകളെ മാത്രമാണ് പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളത്. അപ്പു ഡിറ്റക്റ്റീവ് ആൻഡ് സെക്യൂരിറ്റി സർവീസസ്, ഡിറ്റക്റ്റ് വെൽ സെക്യൂരിറ്റി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഷാർപ്പ് വാച്ച് ഇൻവെസ്റ്റിഗേറ്റിംഗ് സെക്യൂരിറ്റി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് മുൻ വർഷം ബിബിഎംപിയെ സമീപിച്ചു ഏജൻസികൾ.

ഈ വർഷം പുതിയ ടെൻഡർ ഏറ്റെടുക്കില്ലെന്നും തുഷാർ ഗിരിനാഥ് അറിയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വൻ തോതിൽ വിമർശനം ഉയർന്നു. അതാത് സ്കൂൾ ഡെവലപ്മെൻ്റ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റികളും (എസ്ഡിഎംസി) കോളേജ് ഡെവലപ്മെൻ്റ് കൗൺസിലുകളും (സിഡിസി) ആണ് ഇനിമുതൽ റിക്രൂട്ട്മെൻ്റ് നടത്തുക.

ഇത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതായി തുഷാർ ഗിരി നാഥ് പറഞ്ഞു. 2024-25 അധ്യയന വർഷത്തേക്ക് വിദ്യാഭ്യാസ വകുപ്പ് കൂടുതൽ അധ്യാപകരെ നിയമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബിബിഎംപി സ്‌കൂളുകൾ മെയ് 29-ന് വീണ്ടും തുറക്കും. സ്‌കൂളുകളിലെ അധ്യാപകരിൽ 20 ശതമാനം മാത്രമാണ് സ്ഥിരം ജീവനക്കാർ. ബാക്കിയുള്ളവർ കരാർ അടിസ്ഥാനത്തിലുള്ളവരാണ്. നിലവിൽ, ബിബിഎംപിയിൽ നഴ്‌സറി, പ്രൈമറി, ഹൈസ്‌കൂൾ, പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി തലങ്ങളിൽ കരാർ അടിസ്ഥാനത്തിൽ 700-ലധികം ഗസ്റ്റ് അധ്യാപകരുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *