നൈജറിൽ പള്ളിയിൽ ഭീകരാക്രമണം; 44 മരണം, 13 പേർക്ക് പരുക്ക്‌

നൈജറിൽ പള്ളിയിൽ ഭീകരാക്രമണം; 44 മരണം, 13 പേർക്ക് പരുക്ക്‌

നൈജര്‍: തെക്കുപടിഞ്ഞാറൻ നൈജറിൽ പള്ളിയിൽ ഉണ്ടായ ആക്രമണത്തിൽ 44 പേർ മരിക്കുകയും 13 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി നൈജർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊക്കോറോയിലെ ഗ്രാമീണ അതിര്‍ത്തി പട്ടണത്തിലെ ഫാംബിറ്റ ക്വാര്‍ട്ടറിലാണ് ഇന്നലെ സായുധാക്രമണം നടന്നത്.

റമദാനിലെ ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് നൈജര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രൂരതയോടെ കൂട്ടക്കൊല നടത്താന്‍ കനത്ത ആയുധധാരികളായ ഭീകരര്‍ പള്ളി വളഞ്ഞെന്നും അക്രമികള്‍ ഒരു പ്രാദേശിക മാര്‍ക്കറ്റിനും വീടുകള്‍ക്കും തീയിട്ടുവെന്നും മന്ത്രാലയം വിശദീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് നൈജറില്‍ സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഐ എസ് ഐ എസുമായും അല്‍ ഖ്വൈദയുമായും ബന്ധമുള്ള പശ്ചിമാഫ്രിക്കയിലെ തീവ്രവാദ സംഘടനയാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് സൂചന.

2012ലെ കലാപത്തിന് ശേഷം വടക്കന്‍ മാലിയിലെ പ്രദേശങ്ങള്‍ പിടിച്ചെടുത്ത അല്‍ ഖ്വൈദ, ഐ എസ് ഐ എസ് സായുധ ഗ്രൂപ്പുകളുമായി ബന്ധമുള്ള സായുധധാരികളുടെ സാന്നിധ്യമുള്ള പശ്ചിമാഫ്രിക്കയിലെ സഹേല്‍ മേഖലയില്‍ സമീപ വര്‍ഷങ്ങളില്‍ അക്രമം വര്‍ധിച്ചിരുന്നു. ഇത് അയല്‍രാജ്യമായ നൈജറിലേക്കും ബുര്‍ക്കിന ഫാസോയിലേക്കും അടുത്തിടെ ടോഗോ, ഘാന തുടങ്ങിയ തീരദേശ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളുടെ വടക്കന്‍ ഭാഗത്തേക്കും വ്യാപിക്കുകയായിരുന്നു. തീവ്രവാദികൾ പട്ടണങ്ങൾ, ഗ്രാമങ്ങൾ, സൈനിക, പൊലീസ് കേന്ദ്രങ്ങൾ, സൈനിക വാഹനവ്യൂഹങ്ങൾ എന്നിവ ആക്രമിച്ച് ലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2020 നും 2023 നും ഇടയിൽ മാലിയിലും ബുർക്കിന ഫാസോയിലും രണ്ട് തവണ ഭരണ അട്ടിമറികളും നൈജറിൽ ഒരു തവണ ഭരണ അട്ടിമറിയും നടന്നിടുണ്ട്‌. തിരഞ്ഞെടുപ്പ് നടത്താൻ പ്രാദേശിക, അന്തർദേശീയ സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നിട്ടും, ഈ മൂന്ന്‌ രാജ്യങ്ങളും സൈനിക ഭരണത്തിലാണ്.
<BR>
TAGS : TERROR ATTACK | NIGER
SUMMARY : Terrorist attack on mosque in Niger; 44 dead, 13 injured

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *