കാർ കൊള്ളയടിച്ച സംഭവം; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മലയാളി യുവാവിനെ വെടിവെച്ച് പിടികൂടി

കാർ കൊള്ളയടിച്ച സംഭവം; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മലയാളി യുവാവിനെ വെടിവെച്ച് പിടികൂടി

ബെംഗളൂരു: വ്യവസായിയുടെ കാർ കൊള്ളയടിച്ച സംഭവത്തിൽ തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച മലയാളി യുവാവിനെ പോലീസ് വെടിവെച്ച് പിടികൂടി. മൈസൂരുവിലാണ് സംഭവം. ആലപ്പുഴ സ്വദേശിയായ ആദര്‍ശിനാണ് (26) വെടിയേറ്റത്. തെളിവെടുപ്പ് നടക്കുന്നതിനിടെ ആദർശ് കുപ്പിച്ചില്ലുകൊണ്ട് പോലീസിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ഇവരെയും ആദർശിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മൈസൂരു എസ്പി വിഷ്ണുവർധന പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം. മൈസൂരു ഗുജ്ജെഗൗഡാനപുരയില്‍ വെച്ച് കൊടുവള്ളി സ്വദേശിയായ വ്യവസായിയുടെ കാര്‍ ആണ് ആദർശും സംഘവും കൊള്ളയടിച്ചത്. കേസിൽ ആദർശ് ഉൾപ്പെടെ ഏഴ് മലയാളി യുവാക്കളാണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശികളായ കണ്ണന്‍, പ്രമോദ്, വൈക്കം സ്വദേശികളായ ആല്‍ബിന്‍, അര്‍ജുന്‍, ആലപ്പുഴ സ്വദേശികളായ വിജേഷ്, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന നാല് പേർ ഒളിവിലാണ്.

കേസില്‍ തെളിവെടുക്കാനായി ആദര്‍ശിനെ ഗോപാല്‍പുരയിലേക്ക് കൊണ്ടുപോയിരുന്നു. വഴിയില്‍ വച്ച് മൂത്രമൊഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ ഇയാള്‍ കുപ്പി ചില്ലുകള്‍ ശേഖരിച്ചെന്നും ഇത് ഉപയോഗിച്ച് പോലിസുകാരെ ആക്രമിച്ചുവെന്നും എസ്പി പറഞ്ഞു. ഇതോടെ എസ്‌ഐ ശിവനഞ്ച ഷെട്ടി ആകാശത്തേക്ക് വെടിവച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും ആദര്‍ശ് കീഴടങ്ങിയില്ല. തുടര്‍ന്ന് എസ്‌ഐ ദീപക്ക്, ആദര്‍ശിന്റെ കാലില്‍ വെടിവയ്ക്കുകയായിരുന്നു.

TAGS: KARNATAKA | SHOT
SUMMARY: Dacoity case accused shot at while attempting to escape cops during investigation in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *