ഡ്രൈവറില്ലാ മെട്രോ ട്രെയിനിന്റെ സിഗ്നലിംഗ് പരിശോധന ജൂണിൽ

ഡ്രൈവറില്ലാ മെട്രോ ട്രെയിനിന്റെ സിഗ്നലിംഗ് പരിശോധന ജൂണിൽ

ബെംഗളൂരു: നമ്മ മെട്രോയുടെ ആദ്യ ഡ്രൈവറില്ലാ ട്രെയിനിന്റെ സിഗ്നലിംഗ് പരിശോധന ജൂണിൽ നടക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ട്രെയിനിൻ്റെ മെയിൻ ലൈൻ ടെസ്റ്റിംഗിൻ്റെ ഭാഗമാണിതെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ആർവി റോഡ്-ബൊമ്മസാന്ദ്ര ലൈനിലാണ് (യെല്ലോ ലൈൻ) ട്രെയിൻ പ്രവർത്തിക്കുക. ഈ ലൈനിലെ വാണിജ്യ പ്രവർത്തനങ്ങൾ ഡിസംബറോടെ ആരംഭിക്കും.

തുടക്കത്തിൽ ഓരോ 20 മിനിറ്റിലും ഒരു ട്രിപ്പ് വീതം നടത്താനും ദിവസേന 57 ട്രിപ്പുകൾ നടത്താനുമാണ് പദ്ധതി. 18.82 കിലോമീറ്റർ വരുന്ന എലിവേറ്റഡ് ലൈനിൽ 16 സ്റ്റേഷനുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചൈനീസ് സ്ഥാപനമായ സിആർആർസി നാൻജിംഗ് കമ്മ്യൂണിക്കേഷൻസ് കമ്പനി (സിബിടിസി) ട്രെയിനുകളുടെ വിതരണത്തിലെ കാലതാമസം എടുത്തത് കാരണമാണ് പ്രവർത്തനം ആരംഭിക്കാൻ താമസിച്ചതെന്ന് മെട്രോ അധികൃതർ പറഞ്ഞു. ഫെബ്രുവരി 14 ന് ചെന്നൈ വഴി വന്ന ഷാങ്ഹായിൽ നിന്നുള്ള ട്രെയിൻ ഹെബ്ബഗോഡി ഡിപ്പോയുടെ ഓപ്പറേഷൻ ബേയിലേക്ക് എത്തിയിരുന്നു.

സെന്‍സറുകളും അനുബന്ധ ഉപകരണങ്ങളും വഴി നടക്കുന്ന കൃത്യതയാര്‍ന്ന ആശയ വിനിമയ സംവിധാനം പ്രയോജനപ്പെടുത്തിയാണ് ഡ്രൈവറില്ലാ മെട്രോ ഓടുക. ട്രെയിന്‍ ഏതു ദിശയില്‍ സഞ്ചരിക്കണം, എത്ര വേഗതയില്‍ മുന്നേറണം, മുന്നിലെ തടസങ്ങള്‍ എന്തൊക്കെ, ട്രെയിന്‍ ഏതൊക്കെ സ്റ്റോപ്പുകളില്‍ നിര്‍ത്തണം തുടങ്ങിയവയൊക്കെ കണക്കുകൂട്ടി ട്രെയിന്‍ ഓടിക്കാന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് നിര്‍ദേശങ്ങള്‍ എത്തും.

ട്രെയിനിനുള്ളിലിരുന്നു ഒരു ഡ്രൈവര്‍ ചെയ്യുന്ന ജോലികള്‍ കണ്‍ട്രോള്‍ സെന്ററിൽനിന്ന് ഒരാള്‍ നിയന്ത്രിക്കുന്നതോടെ സര്‍വീസ് സുഖമായി നടക്കും. ഇത്തരമൊരു പരീക്ഷണം ആദ്യമായതിനാല്‍ കണ്‍ട്രോള്‍ സെന്ററിലുള്ളവര്‍ക്ക് മികച്ച പരിശീലനം നല്‍കി പരീക്ഷണ ഓട്ടം വിജയമാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *