അമ്മയെയും മകനെയും മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

അമ്മയെയും മകനെയും മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

പാലക്കാട്: കൊല്ലങ്കോട് നെന്മേനി കല്ലേരിപൊറ്റയില്‍ അമ്മയെയും മകനെയും കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെന്മേനി കല്ലേരിപൊറ്റയില്‍ ലോട്ടറി തൊഴിലാളിയായ കലാധരന്റെ ഭാര്യ ബിന്ദു (46), മകൻ സനോജ് (12) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ കല്ലേരിപൊറ്റയിലെ കുളത്തില്‍ നിന്നും കണ്ടെത്തിയത്.

കുളിക്കാനും തുണി അലക്കാനുമായി പോയ സമയം ഒരാള്‍ കാലിടറി വെള്ളത്തില്‍ വീഴുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെയാളും വെള്ളത്തില്‍ പെട്ടതാകാമെന്നാണ് അഗ്നിരക്ഷാസേനയും പോലീസും സംശയിക്കുന്നത്. കുളത്തില്‍ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോട് ചേർന്ന് ബിന്ദുവിന്റെ മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് സ്ഥലവാസിയും വാർഡ് മെമ്പറുമായ ശിവനും പരിസരവാസികളും ഓടിയെത്തുമ്പോൾ കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പും കുളക്കടവില്‍ കാണുകയായിരുന്നു. ഇതോടെ ഒരാള്‍കൂടി അപകടത്തില്‍ പെട്ടിരിക്കാമെന്ന സംശയം ബലപ്പെടുകയും അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിക്കുകയുമായിരുന്നു.

അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുളത്തില്‍ പരിശോധന നടത്തിയ സമയമാണ് സനോജിന്റെ മൃതദേഹം കൂടി കണ്ടെടുത്തത്. കുളത്തില്‍ നിന്നും പുറത്തെടുത്ത ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ് മോർട്ടം നടപടികള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

TAGS : LATEST NEWS
SUMMARY : Mother and son found dead after drowning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *