മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: എം.എ യൂസഫലി 50 വീടുകള്‍ നല്‍കും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: എം.എ യൂസഫലി 50 വീടുകള്‍ നല്‍കും

മുണ്ടക്കെ – ചൂരല്‍മല ദുരിത ബാധിതർക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 50 വീടുകള്‍ നല്‍കും. എം എ യൂസഫലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹായം സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെ എം എ യൂസഫലി അറിയിച്ചു. അതേസമയം മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി ഈ മാസം 27 ന് തറക്കല്ലിട്ടിരുന്നു.

2024 ജൂലൈ 30 പുലർച്ചെയാണ് വയനാട് മുണ്ടക്കൈ,ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയത്. 298 പേർക്കാണ് ദുരന്തത്തില്‍ ജീവൻ നഷ്ടമായത്. നിരവധി പേർക്ക് വീടും മറ്റു വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. ഓരോ കുടുംബങ്ങള്‍ക്കും ഏഴ് സെന്റില്‍ ആയിരം ചതുരശ്രയടി വീടാണ് നിര്‍മിച്ചുനല്‍കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും.

ഭാവിയില്‍ രണ്ടു നിലയാക്കാന്‍ കഴിയുന്ന നിലയില്‍ പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ള അടിത്തറയാണ് ഒരുക്കുക. മുകള്‍ നിലയിലേക്ക് പടികളുമുണ്ടാകും. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍, മള്‍ട്ടി പര്‍പ്പസ് ഹാള്‍, ലൈബ്രറി എന്നിവ ടൗണ്‍ഷിപ്പിലുണ്ടാകും. ആറുമാസംകൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പിലേക്ക് വരാത്ത കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപവീതം നല്‍കും.

TAGS : WAYANAD LANDSLIDE | MA YUSAFALI
SUMMARY : Mundakai-Churalmala rehabilitation: MA Yusuffali will provide 50 houses

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *