സംസ്ഥാനത്ത് ഓപ്പൺ ബുക്ക്‌ പരീക്ഷ നടത്താനൊരുങ്ങി സർക്കാർ

സംസ്ഥാനത്ത് ഓപ്പൺ ബുക്ക്‌ പരീക്ഷ നടത്താനൊരുങ്ങി സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് 2024-25 അധ്യയന വർഷം മുതൽ വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക്‌ പരീക്ഷ നടത്താനൊരുങ്ങി സർക്കാർ. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ഓപ്പൺ ബുക്ക് പരീക്ഷകൾ ആരംഭിക്കുന്നതെന്ന് സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ വർഷം മുതൽ സിബിഎസ്ഇ (സെൻട്രൽ കരിക്കുലം) സ്കൂളുകളിൽ 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പ്രായോഗിക ഓപ്പൺ ബുക്ക് പരീക്ഷകൾ നടത്തുന്നതിന് പദ്ധതികളുണ്ട്. മൂല്യനിർണ്ണയ സമീപനത്തിൽ കാര്യമായ മാറ്റമുണ്ടാക്കാൻ പദ്ധതിക്ക് സാധിക്കുമെന്ന് വകുപ്പ് അധികൃതർ പറഞ്ഞു.

ഇതിനോടകം ഓരോ വിഷയത്തിനും 25 മാർക്കിൻ്റെ ചോദ്യപേപ്പർ തയ്യാറാക്കാൻ ഹൈസ്കൂൾ അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓപ്പൺ ബുക്ക് പരീക്ഷകൾ എളുപ്പമാണെങ്കിലും, വിദ്യാർഥികൾക്ക് അവരുടെ പാഠപുസ്തകത്തെ കുറിച്ച് വ്യക്തമായി അറിയാമെങ്കിൽ മാത്രമേ പരീക്ഷ വിജയിക്കാൻ സാധിക്കുള്ളുവെന്ന് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃഷ്ണാജി എസ്. കാരിച്ചണ്ണവര പറഞ്ഞു.

ജൂൺ മാസത്തോടെ പൈലറ്റ് ടെസ്റ്റിനായുള്ള പദ്ധതി വികസിപ്പിച്ചെടുക്കാനാണ് തീരുമാനം. പരീക്ഷാ നടത്തിപ്പ് അതോറിറ്റി അംഗീകരിച്ച സ്റ്റഡി മെറ്റീരിയലുകൾ മാത്രമേ പരീക്ഷാ സമയത്ത് അനുവദിക്കൂ. ഇഷ്ടമുള്ളവ പരീക്ഷ ഹാളിലേക്ക് കൊണ്ടുവരാനുള്ള അനുവാദം നിയന്ത്രിത രീതിയിൽ ഉണ്ടാകില്ല. സ്വന്തന്ത്ര രീതിയിൽ നടത്തുന്ന ഓപ്പൺ ബുക്ക് പരീക്ഷയിൽ വിദ്യാർഥികൾക്ക് പ്രസക്തമെന്ന് തോന്നുന്ന ഏത് മെറ്റീരിയലും കൊണ്ടുവരാം.

ഓപ്പൺ ബുക്ക് പരീക്ഷയെന്നാൽ പുസ്തകം നോക്കി ഉത്തരം പകർത്തുകയല്ല. ചോദ്യത്തില്‍നിന്ന് സ്റ്റഡി മെറ്റീരിയലുകൾ വായിച്ച് മനസ്സിലാക്കി അതിലെ വിവരങ്ങൾ വിശകലനം ചെയ്ത് സ്വയം ഉത്തരങ്ങൾ കണ്ടെത്തി എഴുതണം. പഠിച്ച കാര്യങ്ങൾ എത്രത്തോളം മനസ്സിലായെന്നു പരിശോധിക്കുന്ന രീതിയാണിത്. ഒരേ ചോദ്യത്തിന് ഓരോ വിദ്യാർഥിക്കും വ്യത്യസ്തമായ രീതിയിൽ ഉത്തരം എഴുതാം.

വിദ്യാർഥികളുടെ നിരീക്ഷണം പരിശോധിക്കുകയാണ് ലക്ഷ്യം. അധ്യാപകർക്കും, ഒരു ഓപ്പൺ ബുക്ക് പരീക്ഷ ചോദ്യകടലാസ് സജ്ജീകരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. സ്കൂൾ വിദ്യാഭ്യാസത്തിൽ കൊണ്ട് വരാൻ ഉദ്ദേശിക്കുന്ന വലിയ പരിഷ്കാരങ്ങളുടെ ആദ്യ ചവിട്ടുപടിയാണ്‌ ഓപ്പൺ ബുക്ക് പരീക്ഷ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *