ഗാന്ധിക്കെതിരായ പരാമർശം; മോദിക്കെതിരെ പോലീസിൽ പരാതി നല്‍കി സംവിധായകന്‍

ഗാന്ധിക്കെതിരായ പരാമർശം; മോദിക്കെതിരെ പോലീസിൽ പരാതി നല്‍കി സംവിധായകന്‍

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ​ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോലീസിൽ പരാതി. ചലച്ചിത്ര സംവിധായകൻ ലൂയിത് കുമാർ ബർമ്മനാണ് പരാതി നൽകിയത്. ഗുവാഹത്തിയിലെ ഹാത്തി ഗൗ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. മോദിയുടെ പരാമർശം രാജ്യ നിന്ദ നിറഞ്ഞതും, ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയിൽ പറയുന്നു. അതേസമയം, പരാതി പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

വാർത്താ ഏജൻസിയായ എബിപിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പ്രസ്തവന. സിനിമയിലൂടെയാണ് മഹാത്മാ ​ഗാന്ധിയെ ലോകമറിഞ്ഞതെന്ന് മോദി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. 1982 ൽ റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നുവെന്നായിരുന്നു മോദിയുടെ പരാമർശം. അഭിമുഖത്തിലെ അഭിപ്രായ പ്രകടനത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കോൺഗ്രസ് രംഗത്തെത്തി.

”വളരെ പ്രശസ്തനായ വ്യക്തിയായിരുന്നു മഹാത്മാ ഗാന്ധി. എന്നാല്‍ ലോകത്തിന് അദ്ദേഹത്തെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. 75 വർഷത്തിനിടെ ഗാന്ധിജിക്ക് ലോകത്തില്‍ അംഗീകാരം നേടിക്കൊടുക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ കടമ​യല്ലേ. മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൺ മണ്ഡേലയെയും അറിയുന്നത് പോലെ ഗാന്ധിയെ ലോകത്തിന് അറിയില്ല. അവരോളം മഹാനായിരുന്നു ​ഗാന്ധിയും. ലോകം മുഴുവൻ സഞ്ചരിച്ചതിന്റെ പരിചയം വെച്ചാണ് ഇക്കാര്യം പറയുന്നത്” -മോദി പറഞ്ഞു.

ടെലിവിഷൻ അഭിമുഖത്തിന്റെ വിഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മോദിക്കെതിരെ രൂക്ഷ വിമർശനമാണ് രാജ്യത്ത് ഉയർന്നുവന്നത്. ആർ.എസ്.എസുകാർക്ക് ഗാന്ധിയുടെ പൈതൃകമറിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. എന്റയർ പൊളിറ്റിക്കൽ സയൻസ് പഠിച്ച ആൾക്കാണ് ​ഗാന്ധിയെ അറിയാൻ സിനിമ കാണേണ്ടി വരുന്നതെന്ന് രാഹുൽ ​ഗാന്ധിയും വിമർശിച്ചു. മഹാത്മാ ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു. വിവേകാനന്ദപ്പാറയിൽ ഇരുന്നാലോ ഗംഗാ നദിയിൽ മുങ്ങിക്കുളിച്ചാലോ ഗാന്ധിജിയെ മനസ്സിലാക്കാൻ കഴിയില്ലെന്നും അതിന് പഠിക്കുകതന്നെ വേണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വിമർശിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *