തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജാതിപ്പേരുകള്‍ നല്‍കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജാതിപ്പേരുകള്‍ നല്‍കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളിൽനിന്ന്‌ ജാതിപ്പേരുകൾ നാലാഴ്ചയ്ക്കകം നീക്കംചെയ്യണമെന്ന്‌ ഉത്തരവിട്ട്‌ മദ്രാസ്‌ ഹൈക്കോടതി. അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയുടെ പേരിനൊപ്പം ജാതിപ്പേരുകളൊന്നും നല്‍കരുതെന്നും ജസ്റ്റിസ് ഡി. ഭാരത ചക്രവര്‍ത്തി ഉത്തരവിട്ടു.

ചില സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവയിലെല്ലാം ജാതിപ്പേർ എഴുതിവച്ചിരിക്കുന്നു. ഇവ നീക്കം ചെയ്യണമെന്നാണ്‌ ഉത്തരവ്‌. സർക്കാരിന്റെ ആദിദ്രാവിഡ, കള്ളർ സ്കൂളുകളുടെ പേരുകൾ മറ്റുള്ളവയെപ്പോലെ സർക്കാർ സ്കൂൾ എന്നാക്കി മാറ്റണമെന്നും ഉത്തരവിലുണ്ട്‌.

സൊസൈറ്റികളോ സ്ഥാപനങ്ങളോ ജാതിപ്പേരിൽ രജിസ്‌റ്റർ ചെയ്യരുതെന്ന്‌ രജിസ്‌ട്രേഷൻ ഐജി സർക്കുലർ പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

തിരുത്തൽ വരുത്താത്ത സ്ഥാപനങ്ങളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച്‌ രജിസ്‌ട്രേഷൻ റദ്ദാക്കണം. നാലാഴ്ചയ്ക്കകം ജാതിപ്പേര്‌ ഒഴിവാക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം എടുത്തുകളയണം. സംഭാവന നൽകിയവരുടെ പേര്‌ പ്രദർശിപ്പിക്കുമ്പോഴും ജാതി ഉൾപ്പെടുത്തരുത്‌– മദ്രാസ്‌ ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കികൂടേയെന്ന് മദ്രാസ് ഹൈക്കോടതി നേരത്തേ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. തെരുവുകളുടെ പേരില്‍നിന്ന് ജാതി സൂചിപ്പിക്കുന്ന ഭാഗം ഒഴിവാക്കിയതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്നും ഈ ഭാഗം ഒഴിവാക്കിക്കൂടെ എന്നായിരുന്നു ജസ്റ്റിസ് ഡി. ഭാരത ചക്രവര്‍ത്തിയുടെ ചോദ്യം. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍നിന്ന് ജാതിപ്പേര് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
<BR>
TAGS : MADRAS HIGH COURT
SUMMARY : Madras High Court bans giving caste names to educational institutions in Tamil Nadu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *