ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി

ബെംഗളൂരു: ബെംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേയുടെ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി. പാതയിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും തുടർനടപടികൾ നിർദ്ദേശിക്കുന്നതിനുമായി ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിൽ ഏഴ് അംഗ കാബിനറ്റ് ഉപസമിതിയാണ് രൂപീകരിച്ചത്.

മന്ത്രിമാരായ എച്ച്.കെ. പാട്ടീൽ, കെ. എച്ച്. മുനിയപ്പ, എം.ബി. പാട്ടീൽ, എച്ച്.സി. മഹാദേവപ്പ, സതീഷ് ജാർക്കിഹോളി, കൃഷ്ണ ബൈരെ ഗൗഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. കാബിനറ്റ് ഉപസമിതി നിയമ വിദഗ്ധരുമായും വിഷയ വിദഗ്ധരുമായും പാതയിലെ നിർമാണ പ്രവൃത്തികൾ സംബന്ധിച്ച് കൂടിയാലോചിക്കുകയും നിയമപരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. പാതയുടെ ബാക്കി പ്രവൃത്തികൾക്ക് ഭൂമി ഏറ്റെടുക്കലും കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതുമെല്ലാം നിലവിൽ ബാക്കിയാണ്.

1995-ലാണ് മൈസൂരുവിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ നിർമ്മാണത്തിനും, പെരിഫറൽ ലിങ്ക് റോഡിന്റെയും സാറ്റലൈറ്റ് ടൗൺഷിപ്പുകളുടെയും വികസനത്തിനും അംഗീകാരം നൽകിയത്. മുഴുവൻ പദ്ധതിയും ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) പ്രോജക്റ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ്) ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യവുമായി ഇതിനായി ധാരണാപത്രം ഒപ്പുവച്ചിരുന്നു.

1997 ഏപ്രിൽ 3 ന് നൈസും സംസ്ഥാന സർക്കാരും ഒപ്പുവച്ച ഫ്രെയിംവർക്ക് കരാർ (എഫ്‌ഡബ്ല്യുഎ) പ്രകാരം, ആകെ 20,193 ഏക്കർ ഭൂമി നൈസിന് നൽകേണ്ടതായിരുന്നു, അതിൽ 6,999 ഏക്കർ ടോൾ റോഡിനും 13,194 ഏക്കർ ടൗൺഷിപ്പുകൾക്കുമായി നീക്കിവച്ചിരുന്നു. 20,193 ഏക്കറിൽ 6,956 ഏക്കർ സർക്കാർ ഭൂമിയും 13,237 ഏക്കർ സ്വകാര്യ ഭൂമിയുമായിരുന്നു.

TAGS: BENGALURU | MYSURU
SUMMARY: Karnataka government forms panel to review Bengaluru-Mysuru expressway

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *