വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ

വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച്‌ കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസിലെ ഏകപ്രതിയായ കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രനെയാണ് കോടതി വധശിക്ഷക്കു വിധിച്ചത്. വിനീതയുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണമാലക്കു വേണ്ടിയാണ് പ്രതി കൃത്യം നടത്തിയത് എന്ന് പോലിസ് കണ്ടെത്തിയിരുന്നു.

പ്രതി കൊടും കുറ്റവാളിയെന്നായിരുന്നു തമിഴ്‌നാട്ടില്‍ രാജേന്ദ്രന്‍ നടത്തിയ മൂന്ന് കൊലപാതകങ്ങള്‍ ഉയര്‍ത്തി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ചെയ്യാത്ത കുറ്റത്തിന് പശ്ചാത്താപം ഇല്ലെന്നും ഉന്നത കോടതികളെ സമീപിക്കുമെന്നായിരുന്നു പ്രതി രാജേന്ദ്രന്‍ കോടതിയെ അറിയിച്ചത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു.

2014ല്‍ തമിഴ്നാട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെയും ഭാര്യയേയും മകളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേന്ദ്രന്‍. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് പ്രതി വിനീതയെ കൊലപ്പെടുത്തുന്നത്. അമ്പലമുക്ക് കുറവന്‍കോണം റോഡിലെ ടാബ്സ് ഗ്രീന്‍ടെക് എന്ന അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിനീത. 2022ലാണ് കടയ്ക്കുള്ളില്‍ വച്ച്‌ രാജേന്ദ്രന്‍ വിനീതയെ കുത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനേറ്റ കുത്തായിരുന്നു വിനീതയുടെ മരണകാരണം.

TAGS : LATEST NEWS
SUMMARY : Vineetha murder case: Death penalty for accused Rajendran

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *