മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് അനുമതി

മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് അനുമതി

ബെംഗളൂരു: കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ മംഗളൂരുവിൽ വാട്ടർ മെട്രോ തുടങ്ങുന്നതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമതി നൽകി. നേത്രാവതി, ഗുരുപുര നദികളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ ജലഗതാഗത സംവിധാനമാക്കി ഈ പദ്ധതിയെ മാറ്റാനാണ് കർണാടക ശ്രമിക്കുന്നത്. ഇതിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ കർണാടക മാരിടൈം ബോർഡിനെ (കെഎംബി) ചുമതലപ്പെടുത്തി.

ഇതിന് പുറമെ സാഗർമാല പദ്ധതിയുടെ കീഴിൽ മംഗളൂരുവിൽ കർണാടക ജലഗതാഗത പരിശീലന കേന്ദ്രം സ്ഥാപിക്കാനുള്ള നിർദ്ദേശത്തിനും മുഖ്യമന്ത്രി അംഗീകാരം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനം, ജലഗതാഗത പദ്ധതികളുടെ പുരോഗതി, ചരക്ക് ഗതാഗതത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ യോഗത്തിൽ നടന്നു.

നിർധനരുടെ പുനരധിവാസത്തിനും തുറമുഖ സംബന്ധമായ പ്രവർത്തനങ്ങൾക്കുമായി ഭൂമി അനുവദിക്കുന്നതിനും, പാട്ടക്കാലാവധി അവലോകനം ചെയ്ത് നിർദ്ദേശം സമർപ്പിക്കാനും മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനത്തിന് എല്ലാ പിന്തുണയും ഉറപ്പുനൽകിയ മുഖ്യമന്ത്രി, ആന്ധ്രാപ്രദേശ്, വിശാഖപട്ടണം, കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലെ തുറമുഖങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

TAGS: KARNATAKA | WATER METRO
SUMMARY: Mangalore water metro project gets cm nod

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *